kerala

അയ്യപ്പ സംഗമം; സംഘാടക വേഷത്തിലേക്ക് മാറിയ സി.പി.എമ്മിന് നിലപാട് സംഘടന തലത്തില്‍ വിശദീകരിക്കേണ്ടിവരും

By webdesk17

September 04, 2025

സിപിഎമ്മിന്റെ വൈരുധ്യാത്മക ഭൗതികവാദത്തില്‍ വെള്ളം ചേര്‍ത്തെന്ന തോന്നലുണ്ടാക്കി ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യസംഘാടക വേഷത്തിലേക്ക് പാര്‍ട്ടി മാറിയ സംഭവത്തില്‍ നിലപാട് മാറ്റത്തില്‍ സംഘടന തലത്തില്‍ വിശദീകരിക്കേണ്ടിവരും. സമൂഹത്തിലെ ഒരു വിഭാഗത്തെ വിളിച്ച് സര്‍ക്കാര്‍ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നതിനെയാണ് ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ ശബരിമല യുവതി പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെ സ്ത്രീ -പുരുഷ സമത്വമായാണ് സിപിഎം വീക്ഷിച്ചത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. പിന്നാലെ മഞ്ചേശ്വരം മുതല്‍ -പാറശാല വരെ ‘വനിത മതില്‍’ കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശബരിമല കയറുന്ന സ്ത്രീകളെ തടയരുതെന്ന പാര്‍ട്ടി നയം മാറ്റില്ലെന്നും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ശബരിമലയിലെ ആചാരനുഷ്ഠാനം കോടതിയെ അറിയിക്കുമെന്ന് പറഞ്ഞ് യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തള്ളി. കൂടാതെ സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

യുവതി പ്രവേശനത്തിലെ നിലപാടുമാറ്റം ചോദ്യംചെയ്ത് നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുന്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ തന്നെ പരസ്യമായി രംഗത്തെത്തി.