ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ‘അയ്യപ്പനും കോശിയും’ എന്ന മലയാളചിത്രത്തിന്‍റെ തമിഴ് റീമേക്കിന് ടൈറ്റില്‍ റോളുകളിലേക്ക് താരങ്ങളെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കാര്‍ത്തിയും പാര്‍ഥിപനുമാണ് മലയാളത്തില്‍ പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. നേരത്തെ ശരത് കുമാറും ശശികുമാറുമാണ് ഈ റോളുകളിലേക്ക് എത്തുകയെന്ന് പ്രചരണം ഉണ്ടായിരുന്നു.

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെ കതിരേശനാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കണമെന്നാണ് അണിയറക്കാരുടെ ആഗ്രഹമെങ്കിലും കൊവിഡ് സ്ഥിതി പരിഗണിച്ചേ ഷെഡ്യൂള്‍ ആരംഭിക്കൂ. ഊട്ടിയും കൊടൈക്കനാലുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. താരനിര്‍ണ്ണയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കുമെന്ന് അറിയുന്നു.

അന്തരിച്ച ചലച്ചിത്രകാരന്‍ സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. കരിയറിലെ ഏറ്റവും വലിയ വിജയത്തിന് സാക്ഷിയായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനും റിട്ട. ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം കഥാപാരമായും സാങ്കേതികപരമായും മുന്നിട്ടുനിന്ന ചിത്രമായിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം നടന്‍ ജോണ്‍ എബ്രഹാമും വാങ്ങിയിരുന്നു.