X

ബാഫഖി തങ്ങളുടെ മന്ത്രവടി-എം.സി വടകര

എം.സി വടകര

ഹിമ കണങ്ങള്‍ ഇറ്റുവീഴുന്ന മകര മാസ പുലരിയില്‍ ഓര്‍മ്മകളെ ചൂടുപിടിപ്പിക്കാന്‍ ബാഫഖി തങ്ങള്‍ എത്തിയിരിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ ഇടിമുഴക്കമായി, ഒരു ജനതയുടെ ഉണര്‍ത്തു പാട്ടായി അതുല്യ ശോഭയോടെ ആ മുഖം ചരിത്ര സന്ധിയില്‍ ജ്വലിച്ചുനില്‍ക്കുന്നു. താന്‍ ഉഴുതുമറിച്ച അരനൂറ്റാണ്ടു കാലം മലയാളക്കരയുടെ മധുര ചിന്തകള്‍ക്ക് ചിറകു മുളപ്പിക്കാന്‍ ബാഫഖി തങ്ങള്‍ വേണമായിരുന്നു. വേറിട്ട വ്യക്തിത്വത്തിന്റെ വൃത്ത പരിധിയില്‍ നിലയുറപ്പിച്ചുകൊണ്ട് സത്യനിഷ്ഠയും ധര്‍മ്മ ദീക്ഷയും സാദാചാര ബോധവും രാഷ്ട്രീയത്തിലുമാവാം എന്ന് സുതരാം തെളിയിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ പൂമുഖ പടിവാതിലില്‍ ഭീഷ്മാചാര്യനെപോലെ അദ്ദേഹം പുഞ്ചിരിച്ചുനിന്നു. ആ മാന്ത്രിക വടിയൊന്ന് ചുഴറ്റിയാല്‍ മന്ത്രിസഭകള്‍ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുമായിരുന്നു. അങ്ങനെ ആരും പ്രതീക്ഷിക്കാത്ത നേരത്ത് അദ്ദേഹത്തിന്റെ കൈവെള്ളയില്‍ വിരിഞ്ഞ അത്ഭുത സര്‍ക്കാറായിരുന്നു 1969 ലെ സി. അച്യുതമേനോന്‍ മന്ത്രിസഭ. അതിന്റെ കഥ ഇങ്ങനെ:
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭ അഴിമതിയുടെ പാറക്കെട്ടില്‍ തലതല്ലിതകരുകയും കാലാവധി പൂര്‍ത്തിയാക്കാതെ നമ്പൂതിരിപ്പാട് ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പുറപ്പെടുകയും സി.പി.ഐ, മുസ്്‌ലിംലീഗ്, പി.എസ്.പി, ആര്‍.എസ്.പി എന്നീ ചതുശക്തികള്‍ ആ കപ്പലില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവ നിബിഡവും സംഘര്‍ഷ നിര്‍ഭരവും ആയ രാഷ്ട്രീയ സാഹചര്യം.

ഇനി കേരളത്തില്‍ ഒരു ഗവണ്‍മെന്റ് ഉണ്ടാകുമോ എന്ന് ജനങ്ങള്‍ ആശങ്കയോടെ ഉറ്റുനോക്കിയ കാലം. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒരു ഗവണ്‍മെന്റ് ഉണ്ടാക്കുക അസാധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഒരു ഭരണമുണ്ടാക്കാന്‍ മുസ്‌ലിംലീഗിന്റെ മദിരാശി പ്രമേയം ബാഫഖി തങ്ങളുടെ നീക്കങ്ങള്‍ക്ക് വിഘാതമായി നിന്നു. ആ സന്ദര്‍ഭത്തില്‍ സമയോചിതമായി ഇടപെട്ടു കൊണ്ട് ലീഡര്‍ കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യമില്ല. അപ്പോള്‍ പന്ത് ബാഫഖി തങ്ങളുടെ കാലിലായി. മുസ്‌ലിംലീഗില്‍ നിന്ന് ഒരാള്‍ മന്ത്രിസഭ രൂപീകരിക്കട്ടെ എന്ന് സഖ്യകക്ഷികളില്‍ പലരും ബാഫഖി തങ്ങളോട് ആവശ്യപ്പെട്ടു. ബാഫഖി തങ്ങളുടെ നീതിനിഷ്ഠ അതിന് അനുവദിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം സി.പി.ഐയുടെ അവകാശമാണ്. ബാഫഖി തങ്ങള്‍ പറഞ്ഞു. ആ ധാരണയോടുകൂടി സി.പി. ഐ നേതാക്കളായ എം.എന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും ബാഖഖി തങ്ങള്‍ ഇല്ലാതെ ഗവര്‍ണര്‍ വിശ്വനാഥനെ കണ്ടു. അവര്‍ കാര്യങ്ങള്‍ ഗവര്‍ണറോട് വിശദീകരിച്ചു. എല്ലാം കേട്ട ശേഷം ഗവര്‍ണര്‍ പറഞ്ഞു. ‘ശരി, തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്കൊന്ന് ബാഫഖി തങ്ങളെ കാണണം’. പ്രശ്‌ന പരിഹാരത്തിന്റെ താക്കോല്‍ ബാഫഖി തങ്ങളുടെ കോട്ടിന്റെ കീശയിലാണെന്ന് ഭരണശാസ്ത്രത്തിന്റെ മറുകര കണ്ട ഗവര്‍ണര്‍ക്ക് അറിയാമായിരുന്നു. മുമ്പ് കശ്മീരില്‍ ഹസ്രത്ത് ബാല്‍ പള്ളിയില്‍ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചിരുന്ന പ്രവാചകന്റെ വിശുദ്ധ മുടി അടക്കം ചെയ്ത പേടകം നഷ്ടപ്പെടുകയും അതറിഞ്ഞ് കശ്മീര്‍ താഴ്‌വര ഇളകിമറിയുകയും ചെയ്തപ്പോള്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനും വിശുദ്ധ മുടി കണ്ടുപിടിക്കാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രത്യേകം നിയോഗിച്ചത് വിശ്വനാഥനെ ആയിരുന്നു. അനിതരസാധാരണമായ സാമര്‍ത്ഥ്യം ഉപയോഗിച്ച് അദ്ദേഹം നഷ്ടപ്പെട്ട പേടകം കണ്ടുപിടിക്കുകയും കശ്മീരില്‍ ക്രമസമാധാനം പുനസ്ഥാപിക്കുകയും ചെയ്തു. ഇത്തരം ഭരണാനുഭവങ്ങള്‍ ഉള്ള വിശ്വനാഥന്‍ കേരളത്തിലെ ഓരോ സൂക്ഷ്മ ചലനത്തെയും വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ബാഫഖി തങ്ങളില്‍ ഉറച്ച വിശ്വാസവുമുണ്ടായിരുന്നു.
ആരും നിനച്ചിരിക്കാത്ത നേരത്ത് ബാഫഖിതങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി. പി.ഐ നേതാവ് സി അച്യുതമേനോന്റെ പേര് നിര്‍ദേശിച്ചു. കേരള രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു അപ്പോള്‍ അച്യുതമേനോന്‍. ബാഫഖി തങ്ങളുടെ നിര്‍ദേശം സി.പി.ഐ നേതൃത്വത്തിനും സമ്മതമായിരുന്നു. അങ്ങനെ ഒക്ടോബര്‍ 30 ാം തിയ്യതി വൈകുന്നേരം അച്യുതമേനോന്‍ ഡല്‍ഹിയില്‍ നിന്നും മദ്രാസ് വഴി തിരുവനന്തപുരത്ത് വിമാനമിറങ്ങി. ഒരു തോല്‍ബാഗും കൈയ്യില്‍ പിടിച്ച് നേരിയ പുഞ്ചിരിയോടെ വിമാനമിറങ്ങിയ അച്യുതമേനോനോട് പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. ‘അങ്ങ് ഒരു മന്ത്രിസഭ ഉണ്ടാക്കാന്‍ വന്നതാണോ?’ ‘ആവോ എനിക്കറിയില്ല, നിങ്ങള്‍ ബാഫഖി തങ്ങളോട് ചോദിച്ചു നോക്കൂ.’ എന്നായിരുന്നു മേനോന്റെ മറുപടി. പത്രക്കാര്‍ ബാഫഖി തങ്ങളുടെ വസതിയിലേക്കോടി. അദ്ദേഹം മന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ വസതിയിലായിരുന്നു ഉണ്ടായിരുന്നത്. ആകാംക്ഷയോടെ അവിടേക്ക് കുതിച്ചുവന്ന പത്രക്കാരോട് ബാഫഖി തങ്ങള്‍ പറഞ്ഞു. ‘അതേ… അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കും’. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. 1969 നവംബര്‍ ഒന്നാം തിയ്യതി കേരളത്തിലെ അഞ്ചാമത് മുഖ്യമന്ത്രിയായി സി അച്യുതമേനോന്‍ സത്യപ്രതിജ്ഞ ചെയ്തു. കെ.ആര്‍ ചുമ്മാര്‍ ഇങ്ങനെ എഴുതി, ‘ഇ.എം.എസ് നമ്പൂതിരിപ്പാട് രാജിവെച്ച് ഇറങ്ങിയപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അനിശ്ചിതത്വത്തിന്റെ കരിനിഴല്‍ വീശി. രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും കേന്ദ്രത്തിലും ഒരു പോലെ ‘ഇനിയെന്ത്’ എന്ന ചോദ്യം ഫണമുയര്‍ത്തി നില്‍ക്കുമ്പോള്‍ മന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ ഔദ്യോഗിക വസതിയായ ലിന്‍ഡേഴ്‌സില്‍ നിന്ന് ബാഫഖി തങ്ങള്‍ ഒരു പുതിയ മന്ത്രിസഭക്ക് രൂപം നല്‍കുകയായിരുന്നു. ഉറപ്പുള്ള ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. ആരും നിനച്ചിരിക്കാത്ത നേരത്ത് ഒരു സന്ധ്യക്ക് നിയമസഭാ അംഗം പോലുമല്ലാത്ത സി അച്യുതമേനോന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങി. നവംബര്‍ ഒന്നിന് ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പുതിയ മുഖ്യമന്ത്രിയുടെ മുഖത്തേക്കെന്ന പോലെ ബാഫഖി തങ്ങളുടെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് കേരളം പതിക്കുമായിരുന്ന സന്ദര്‍ഭത്തില്‍ കൃത്യമായി ഇടപെട്ട് മികച്ച ഒരു സര്‍ക്കാറിനെ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബാഖഖി തങ്ങള്‍.

രാഷ്ട്രീയ അനിശ്ചിതത്വം നീക്കാന്‍ ബാഫഖി തങ്ങള്‍ക്കാണ് കഴിയുക എന്ന ബോധ്യം ഗവര്‍ണര്‍ വിശ്വനാഥന് ഉണ്ടായിരുന്നു. ബാഫഖി തങ്ങളുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ഒരു നേതാവിനെയാണ് ബാഫഖി തങ്ങളുടെ നിര്യാണം മൂലം നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിര്യാണ വാര്‍ത്ത എന്നെ ഞെട്ടിപ്പിച്ചു. ബാഫഖിതങ്ങള്‍ എന്റെ അത്യുത്തമ സുഹൃത്തുക്കളിലൊരാളായിരുന്നു. നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു രാഷ്ട്രീയ നേതാവെന്ന നിലക്ക് കേരളത്തില്‍ ഭദ്രമായൊരു ഗവണ്‍മെന്റ് സ്ഥാപിക്കാനും നിലനിര്‍ത്താനും തങ്ങള്‍ തന്റെ ഓജസ്സും കഴിവും വിനിയോഗിച്ചിരുന്നു. കേരളത്തിന്റെ പൊതു ജീവിതത്തില്‍ അദ്ദേഹത്തിന്റെ അഭാവം വളരെ കാലത്തേക്ക് അനുഭവപ്പെടുക തന്നെ ചെയ്യും’.

പ്രതിസന്ധികള്‍ ഇരുട്ടുപരത്തുമ്പോള്‍ പ്രതീക്ഷാനിര്‍ഭരമായ പ്രഭാതത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളുടെ പേരാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. അനിശ്ചിതാവസ്ഥകളില്‍നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരള രാഷ്ട്രീയത്തിലെ പ്രതിഭാശാലി. എല്ലാവരും മാതൃകയാക്കേണ്ട സമ്മോഹന വ്യക്തിത്വം. എല്ലാവരെയും ഉള്‍കൊണ്ടും സഹവര്‍തിത്വത്തോടെ നിലപാടുകള്‍ സ്വീകരിച്ചും ബാഫഖി തങ്ങള്‍ സകലര്‍ക്കും പ്രിയങ്കരനായി. കാറ്റും കോളും ഏറെ കണ്ട രാഷ്ട്രീയ കേരളത്തില്‍ അചഞ്ചലനായി, അഭിമാനത്തോടെ, അസ്ഥിത്വ ബോധത്തോടെ അദ്ദേഹം നിലയുറപ്പിച്ചു. അതുല്യ തേജസോടെയാണ് ആ മഹാനുഭാവന്‍ നമ്മുടെയെല്ലാമുള്ളില്‍ അമര സ്മരണയായി നിലകൊള്ളുന്നത്.

web desk 3: