കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഭാഗ്യലക്ഷമിയുടെ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു.

ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിജയ് പി നായരുടെ മുറിയില്‍ കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ട്. ഇത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.