മനാമ: വിദേശികള്‍ക്ക് പത്തു വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍ ഭരണകൂടം. രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം.

കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദേശം ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ് വിവരം. സ്വന്തം സ്‌പോണര്‍സര്‍ഷിപ്പില്‍ വിദേശികള്‍ക്ക് പത്തു വര്‍ഷം വരെ താമസിക്കാനുള്ള അനുമതിയാണ് നല്‍കുക.

പുതിയ പരിഷ്‌കാരം അടിയന്തരമായി നടപ്പാക്കുന്നതിന് വേണ്ട നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് രാജകുമാരന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ യു.എ.ഇ സമാനമായ തീരുമാനം നടപ്പാക്കിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പുതിയ സംവിധാനം നടപ്പിലാവുന്നതോടെ നിക്ഷേപകരുടെ വന്‍ കുത്തൊഴുക്ക് ബഹ്‌റൈന്‍ കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് സൂചന.