പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും ബന്ദു ടിര്‍ക്കി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം.

2005-മുതല്‍ ഗോത്രാചാരമായ ഗോബലി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. ഗോത്രാചാരമായ ശിലകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ആചാരമായ പത്താല്‍ഗഢിനെതിരേയും സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നേതാവിന്റെ വെല്ലുവിളി വരുന്നത്. ഫെബ്രുവരി 17നാണ് പശുവിനെ ബലി നല്‍കാന്‍ തയ്യാറെടുക്കുന്നത്. ബന്‍ഹോറയില്‍ പത്താല്‍ഗഢിക്കു സമീപം ബലിനല്‍കല്‍ ചടങ്ങ് നടത്തുമെന്ന് ബന്ദുടിര്‍ക്കി പറഞ്ഞു. തടയാന്‍ കഴിയുമെങ്കില്‍ സര്‍ക്കാരിന് തടയാം. ആചാരപ്രകാരം 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിലകള്‍ നീക്കം ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണ്. കാലപ്പഴക്കം ചെന്ന ഇത്തരം ആചാരങ്ങള്‍ നിരോധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതുപോലെ തന്നെയാണ് ഗോബലിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കമെന്നും ബന്ദു ടിര്‍ക്കി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ബാബുലാല്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ നിന്ന് അദ്ദേഹം അകലം പാലിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് ബന്ദു ടിര്‍ക്കിയുടെ ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം.