മംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ യുവനര്‍ത്തകനും നൃത്ത സംവിധായകനുമായ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളൂരുവില്‍ നിന്നാണ് സിസിബി അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് കിഷോര്‍ പിടിയിലായതെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ വ്യക്തമാക്കി.

നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എബിസിഡിയില്‍ കിഷോര്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ കിഷോര്‍ പ്രശസ്തി നേടിയത്. മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കിഷോര്‍ വന്‍ തോതില്‍ ലഹരി മരുന്ന് കടത്തിയതായി സിസിബി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ് ആക്റ്റ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മംഗളൂരു കമീഷണര്‍ അറിയിച്ചു.

ബംഗളൂരു മയക്കു മരുന്ന് കേസില്‍ കന്നട നടികളായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ടന്‍ ദിഗന്ത് മഞ്ചല, ഭാര്യയും നടിയുമായ ഐന്ദ്രിത റായ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിന്റെ അറസ്റ്റ്.