ബംഗളൂരു: മകളുടെ വീട്ടില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍. 10 വയസുകാരിയെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ മകള്‍ വീട്ടില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്നതാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. പൂജാരിയായ വെങ്കടരാമനപ്പയാണ് മകളുടെ വീട്ടില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മരുമകന്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്. മരുമകന്‍ നഗരത്തിന് വെളിയില്‍ പോകുന്ന സമയങ്ങളില്‍ ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യുന്നതിന് ഭാര്യയുടെ അച്ഛനെയാണ് പതിവായി ചുമതലപ്പെടുത്താറ്. ഇതനുസരിച്ച് മകളുടെ വീട്ടില്‍ വന്ന സമയത്താണ് വെങ്കടരാമനപ്പ പത്തുവയസുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

നവംബര്‍ 24നാണ് നാടിനെ നടുക്കിയ സംഭവം. വൈകീട്ട് 4.30ന് മകളുടെ വീടിന് മുന്നില്‍ തൊട്ടടുത്ത വീട്ടിലെ പത്തുവയസുകാരി കളിക്കുന്നത് വെങ്കടരാമനപ്പ കണ്ടു. മധുരപലഹാരങ്ങള്‍ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ 62കാരന്‍ മകളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു.

കുറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ,മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. അതിനിടെ പത്തുവയസുകാരിയെയും കൂട്ടി 62കാരന്‍ വീട്ടിലേക്ക് പോകുന്നത് കണ്ടതായി പൂക്കള്‍ വില്‍ക്കുന്ന സ്ത്രീ പറഞ്ഞു. ഇതനുസരിച്ച് വീട്ടിലേക്ക് പോയ മാതാപിതാക്കള്‍ മകള്‍ കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് വരുന്നതാണ് കണ്ടത്. സംഭവം കുട്ടി വിവരിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.