ബാംഗളൂരു: ബംഗളുരുവില്‍ കെജി ഹള്ളിയില്‍ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. സംഭവം യുവതിയും കാമുകനുമായി ചേര്‍ന്നുണ്ടാക്കിയ നാടകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരിയുടെ സഹോദരി ഭര്‍ത്താവ് ഇര്‍ഷാദ് ഖാനെ അറസ്റ്റ് ചെയ്തു.

ബാംഗളൂരു കെജി ഹള്ളിയില്‍ വച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി എത്തുന്നത്. ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും സംഭവം കെട്ടിച്ചമച്ചതാണെന്നും പോലീസ് വ്യക്തമാക്കി. വിവാഹം കഴിച്ച് ഒരുമിച്ച് കഴിയുന്നതിനായാണ് യുവതിയും ഇര്‍ഷാദും പീഡനനാടകമൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും സൗഹാര്‍ദ്ദപരമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. പീഡനം നടന്നാല്‍ യുവതിക്ക് വിവാഹം നടക്കില്ലെന്നും പിന്നീട് വീട്ടുകാരുടെ അനുമതിയോടെ യുവതിയെ തനിക്ക് വിവാഹം കഴിക്കാമെന്നുമായിരുന്നു ഇര്‍ഷാദിന്റെ പദ്ധതി. പരാതി വ്യാജമാണെന്ന് വ്യക്തമായ പോലീസ് ഇര്‍ഷാദ്ഖാനെ അറസ്റ്റ് ചെയ്തു.

നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആറ് പേര്‍ ചേര്‍ന്ന് അപമാനിച്ച സംഭവത്തില്‍ ബംഗളുരു പൊലീസ് അന്വേഷണം നടത്തിവരുമ്പോഴായിരുന്നു മറ്റൊരു പീഡനവാര്‍ത്തകൂടി പുറത്തുവരുന്നത്. ഇത് പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു.