ന്യൂഡല്‍ഹി: ബാങ്കില്‍ നിക്ഷേപിച്ച കാരണത്തില്‍ കള്ളപ്പണത്തിന്റെ നിറം മാറില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിധിക്കു ശേഷമുള്ള തുകക്ക് നികുതി ബാധ്യത നിലനില്‍ക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയ തുകയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വ്യക്തമായ മറുപടി നല്‍കാതെ ജെയ്്റ്റലി ഒഴിഞ്ഞുമാറി. ഇന്ത്യയില്‍ കള്ളപ്പണമില്ലെന്ന് കരുതാന്‍ അത്ര ബുദ്ധിശൂന്യരല്ല രാജ്യത്തെ ജനങ്ങള്‍. എത്രത്തോളം പണത്തിന്റെ കണക്കു വിശദീകരിക്കാന്‍ സാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കള്ളപ്പണത്തിന്റെ തോതെന്നും അദ്ദേഹം പറഞ്ഞു.