X

നെയ്മര്‍ ബാഴ്‌സയിലേക്ക് തന്നെ; കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

ബ്രസീലിയന്‍ സ്‌ട്രൈക്കറും ബാഴ്‌സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നെയ്മറെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ബാഴ്സലോണ ചൊവ്വാഴ്ച രാവിലെ പാരീസിലേക്ക് പ്രതിനിധി സംഘത്തെ അയച്ചു. പിഎസ്ജിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനാണ് നടത്തിയ ആദ്യ സന്ദര്‍ശനം നേരത്തെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ക്ലബുകളും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച.

ബാഴ്‌സ ഫുട്‌ബോള്‍ ഡയറക്ടര്‍ എറിക് അബിഡാല്‍, ഡയറക്ടര്‍ ജാവിയര്‍ ബോര്‍ഡാസ്, സിഇഒ സിഓസ്‌കാര്‍ ഗ്രൗ എന്നിവരാണ് സ്വകാര്യ വിമാനത്തില്‍ പാരീസിലെത്തിയത്. 170 മില്ല്യണ്‍ യൂറോ വില നല്‍കിയാണ് ബാഴ്‌സ നെയ്മറെ തിരികെ എത്തിക്കുന്നത്. അടുത്ത സീസണില്‍ നെയ്മര്‍ ബാഴ്‌സയില്‍ സ്ഥിരമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ഫ്രഞ്ച് യുവതാരം ഉസ്മാന്‍ ഡെംബലെയും ഈ ഡീലിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ താരത്തെ ഒഴിവാക്കി പണം മാത്രം നല്‍കിയാണ് നെയ്മറെ തിരികെയെത്തിക്കുന്നത്. ഫിലിപ് കുട്ടീഞ്ഞോ, ഇവാന്‍ റാകിറ്റിച് എന്നിവര്‍ക്കൊപ്പം 80 മില്ല്യണ്‍ യൂറോ കൂടി നല്‍കാമെന്നറിയിച്ച ബാഴ്‌സയുടെ ഓഫര്‍ നേരത്തെ ഫ്രഞ്ച് ക്ലബ് നിരസിച്ചിരുന്നു. തുടര്‍ന്നാണ് നെയ്മറെ പിഎസ്ജി ലോണിലയക്കാന്‍ തീരുമാനിച്ചത്. നെയ്മര്‍ക്കായി സ്പാനിഷ് റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ക്ലബ് യുവന്റസും രംഗത്തുണ്ടെങ്കിലും അദ്ദേഹം ബാഴ്‌സയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

chandrika: