ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍ തെരച്ചില്‍ തുടരുകയാണ്. യൂറോപ്പിലെ പൊലീസ് സേനകളെല്ലാം തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. യൂനുസ് ഫ്രാന്‍സിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് സ്പാനിഷ് അധികൃതര്‍ പറയുന്നു. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ കാറ്റലോണിയയില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് പൊലീസ് മേധാവി ജോഖിം ഫോണ്‍ അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച വാനിന്റെ ഡ്രൈവര്‍ യൂനുസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് നിരായുധനായ ഒരാള്‍ നടന്നുപോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സ്‌പെയിനിന്റെ അതിര്‍ത്തികളിലെല്ലാം പരിശോധന ഊര്‍ജിതമാണ്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 12 അംഗ സംഘത്തിലെ ചിലര്‍ അറസ്റ്റിലാവുകയോ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. വാന്‍ ആക്രമണത്തിനു മുമ്പ് കാറ്റലോണിയയില്‍ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തിലും ചില പ്രതികള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കാറ്റലോണിയന്‍ പ്രവിശ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ സിറ്റി സെന്ററിലും തീരപ്രദേശ നഗരമായ കാംബ്രില്‍സിലുമാണ് ആക്രമണമുണ്ടായത്. ഇതില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.