X
    Categories: MoreViews

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്.

അതേസമയം, ലാ ലീഗ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി. മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ വന്‍ പരാജയമാണ് ബാഴ്സ വാങ്ങിവെച്ചത്. മലാഗക്കെതിരായ മത്സരം ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനക്ക് റയലിനെ ഗോള്‍ ശരാശരിയില്‍ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു.


നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ബാഴ്‌സക്കു തിരിച്ചടിയായത്. 65-ാം മിനിറ്റിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയിത്. മലാഗ പ്രതിരോധ താരത്തെ അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ചത്. 32-ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ഗോള്‍ വീണത്. ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന സാന്‍ഡ്രോ റാമിറെസാണ് മത്സരത്തില്‍ മലാഗയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ മലാഗ, ബാഴ്‌സയുടെ നെഞ്ചിലേക്ക് അവരുടെ രണ്ടാമത്തെ ഗോളും പായിച്ച് വിജയമുറപ്പിച്ചു.

കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയ റയലിനെ സമനിലയിലൂടെ അത്‌ലറ്റിക്കോ ഞെട്ടിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നുവന്ന പന്ത് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച പെപ്പെ മത്സരത്തില്‍ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള അത്‌ലറ്റിക്കോയുടെ കടന്നാക്രമങ്ങളിലേക്കാണ് കളി നീങ്ങിയത്. മൂര്‍ച്ചയേറിയ നീക്കങ്ങളില്‍ ഇരു ടീമുകളുടെയും ഗോളികളുടെ തടസങ്ങള്‍ മ്ത്സരം ആവേശത്തിലാക്കി.

എന്നാല്‍ 85-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ ശൂന്യതയില്‍നിന്നുള്ള ഒന്നായി. കൊറായ നല്കിയ പാസില്‍ പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ ഗ്രീസ്മാന്‍ പൊടുന്നനെ അപകടകാരിയായി മാറി ഗോളി നവാസിന്റെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തള്ളിയിടുകയായിരുന്നു.

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷം റയലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ലാ ലീഗ് പോയിന്റ് നിലയില്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് നിലവില്‍ ബാഴ്‌സക്കാള്‍ 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. 31 കളികളില്‍ 69 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
എട്ടു കളികൂടി ബാക്കിയുണ്ടെന്നിരിക്കെ കിരീടപ്പോരാട്ടത്തിന് വീറുകൂടിയിരിക്കുകയാണ്. റയലിനെ തളച്ചതോടെ 31 കളികളില്‍ 62 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കു കയറി. 30 കളികളില്‍ 58 പോയന്റുള്ള സെവിയയാണ് നാലാമത്. ഇനിയുള്ള ഓരോ മത്സരവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നിര്‍ണായകമാണ്.

chandrika: