മാഡ്രിഡ് : സ്പാനിഷ് ലാ ലീഗില്‍ കുതിപ്പു തുടുരുന്ന ബാര്‍സലോണക്ക് അപ്രതീക്ഷിത കടിഞ്ഞാണ്‍. ബാര്‍സയുടെ സ്വന്തം തട്ടകമായ നൗകാമ്പില്‍ സെല്‍റ്റാ ഡി വിഗോയാണ് കറ്റാലന്‍സിനെ (2-2)സമനിലയില്‍ കുരുക്കിയത്.

കളിയുടെ ഇരുപതാം മിനുട്ടില്‍ ഇഗോ അസ്പാസിലൂടെ സെല്‍റ്റാ വീഗോയാണ് ആദ്യം ലീഡു നേടിയത്. എന്നാല്‍ രണ്ടു മിനുട്ടിനകം സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാര്‍സയെ ഒപ്പമെത്തിച്ചു. ബ്രസീലിയന്‍ താരം പൗളീഞ്ഞോ ആയിരുന്നു മെസ്സിയുടെ ഗോളിന് വഴിയെരുക്കിയത്. രണ്ടാം പകുതിയില്‍ ഉറൂഗ്വെയ്ന്‍ താരം ലൂയിസ് സുവാരസിലൂടെ ബാര്‍സ ലീഡു നേടി. 62-ാം മിനുട്ടില്‍ വണ്‍ ടച്ച് നീക്കെത്തിനെടുവില്‍ ജോര്‍ഡി ആല്‍ബ നല്‍കിയ പന്ത് ഭദ്രമായി സുവാരസ് വലയില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ മാക്‌സിമിലിയാനോ ഗോമസ് 70-ാം മിനുട്ടില്‍ സെല്‍റ്റയെ ഒപ്പമെത്തിച്ചു. വിജയ ഗോളിനായി ബാര്‍സ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 

ലീഗില്‍ പതിനാലു മത്സരങ്ങളില്‍ പതിനൊന്നിലും ജയം സ്വന്തമാക്കിയ ബാര്‍സയുടെ മൂന്നാമത്തെ സമനിലയാണിത്. 36 പോയന്റുമായി ബാര്‍സ തന്നെയാണ് ടേബിളില്‍ തലപ്പത്ത്. 13 കളികല്‍ 27 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്താണ് നിലവില്‍.

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി 12 ഗോളുമായി ഗോല്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മുന്നിലാണ്.