സെവിയ: രണ്ടാം പകുതിയില്‍ മെസിയും കൂട്ടരും തുനിഞ്ഞിറങ്ങിയപ്പോള്‍ കോപ്പ ഡെല്‍ റേ കിരീടം ന്യൂകാമ്പിലേക്ക്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ അത്‌ലറ്റിക് ക്ലബിനെ തകര്‍ത്തത്.

കോപ്പ ഡെല്‍ റേ ഫൈനലിലേക്ക് വരുമ്പോള്‍ 60ാം മിനിറ്റില്‍ ഗ്രീസ്മാന്‍ വല കുലുക്കിയതോടെയാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമായത്. 63ാം മിനിറ്റില്‍ ഫ്രാങ്കി ഡെ ജോങ്ങിലൂടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. 68, 72 മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കി മെസി കിരീട നേട്ടം ആഘോഷമാക്കി.

31 ഗോളുകളാണ് സീസണില്‍ ഇതുവരെ മെസിയില്‍ നിന്ന് വന്നത്. തുടരെ 13ാം തവണയാണ് 30 അല്ലെങ്കില്‍ അതിന് മുകളില്‍ ഗോള്‍ മെസി സീസണില്‍ സ്‌കോര്‍ ചെയ്യുന്നത്. ബാഴ്‌സ കുപ്പായത്തിലെ മെസിയുടെ 35ാം ട്രോഫിയാണ് ഇത്.

കോപ്പ ഡെല്‍ റേയിലെ ജയത്തിന് പിന്നാലെ ലാ ലീഗ കിരീടവും പിടിക്കാനായാല്‍ മെസിയെ ബാഴ്‌സയില്‍ തന്നെ നിര്‍ത്താന്‍ സാധിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ ലാ ലീഗ പോയിന്റ് ടേബിളില്‍ റയലിനും അത്‌ലറ്റിക്കോയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സ.