ഇടുക്കി: ഇടുക്കി വട്ടവടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി പരാതി. വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ വിലക്കെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ജാതി വിവേചനമുള്ള ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി.

കാലങ്ങളായി ഇവിടെ ജാതി വിവേചനമുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് വിഷയത്തില്‍ പ്രതിഷേധമുണ്ടാകുന്നത്. ഇതുവരെ ഗ്രാമത്തിലെ വിവേചനത്തിനെതിരെ ആരും പരാതി പറയാന്‍ തയ്യാറായിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരോടായിരുന്നു ബാര്‍ബര്‍ ഷോപ്പിലെ വിവേചനം.

എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവര്‍ പഞ്ചായത്തില്‍ പരാതിയുമായി എത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടര്‍ന്ന് പട്ടികജാതി ക്ഷേമസമിതിയും മറ്റും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. നിലവില്‍ ജനങ്ങള്‍ക്കിടെയില്‍ ജാതി വിവേചനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ബര്‍ ഷോപ്പ് പൂട്ടുകയും പൊതു മുടിവെപ്പ് കേന്ദ്രം തുടങ്ങാനും തീരുമാനമായതായി പഞ്ചായത്ത് അറിയിച്ചു.