മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കരുത്തരായ ഷാല്‍ക്കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, ഹാമിസ് റോഡ്രിഗ്വസ്, അര്‍തുറോ വിദാല്‍ എന്നിവര്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഷാല്‍ക്കെക്ക് മറുപടിയുണ്ടായില്ല. മറ്റു മത്സരങ്ങളില്‍ ബൊറുഷ്യ മ്യൂന്‍ചന്‍ ഗ്ലാദ്ബാഷ്, ഓസ്ബര്‍ഗ് ടീമുകളും ജയം കണ്ടു.
ഷാല്‍ക്കെയുടെ തട്ടകമായ വെല്‍റ്റിന്‍സ് അറീനയില്‍ 25-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ലെവന്‍ഡവ്‌സ്‌കി ബയേണിനെ മുന്നിലെത്തിച്ചത്. ഷാല്‍ക്കെ പ്രതിരോധ താരം ബോക്‌സില്‍ പന്ത് കൈകൊണ്ട് തട്ടതിനായിരുന്നു പെനാല്‍ട്ടി. 29-ാം മിനുട്ടില്‍ ടോളിസോയുടെ പാസ് സ്വീകരിച്ച് കൃത്യതയാര്‍ന്ന പാസിലൂടെ ഹാമിസ് റോഡ്രിഗ്വസ് ലീഡുയര്‍ത്തി. ഗോള്‍ മടക്കാന്‍ ഷാല്‍ക്കെ പൊരുതുന്നതിനിടെ 75-ാം മിനുട്ടില്‍ ഹാമിസ് ഒരുക്കിയ അവസരം ഗോളിലെത്തിച്ച് വിദാല്‍ പട്ടിക പൂര്‍ത്തിയാക്കി.
സ്റ്റുട്ഗട്ടിനെതിരെയ ബ്രസീല്‍ താരം റാഫേല്‍ നേടിയ ഇരട്ട ഗോളിനാണ് ഗ്ലാദ്ബാഷ് ജയിച്ചത്. 57, 74 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ആര്‍.ബി ലീപ്‌സീഗിനെതിരെ നാലാം മിനുട്ടില്‍ ഗ്രിഗോറിറ്റ്‌സ് നേടിയ ഏക ഗോളിലാണ് ഓസ്ബര്‍ഗ് ജയം കണ്ടത്. വോള്‍ഫ്‌സ്ബര്‍ഗും വെര്‍ഡര്‍ ബ്രമനും 1-1 സമനിലയില്‍ പിരിഞ്ഞു.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബയേണിനുള്ളത്. ഒരു മത്സരം കുറവ് കളിച്ച ബൊറുഷ്യ ഡോട്മുണ്ട്, ഓസ്ബര്‍ഗ്, ഹാനോവര്‍ ടീമുകള്‍ 10 പോയിന്റുമായി പിന്നാലെയുണ്ട്. ഷാല്‍ക്കെ അഞ്ചാം സ്ഥാനത്താണ്.