മുംബൈ: ഓണപ്പരിപാടിക്കിടയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള സംഘപരിവാര്‍ അനുയായികളുടെ ആക്രമണത്തിന് വിധേയയായ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിക്ക് ഉത്തരേന്ത്യയില്‍ നിന്നും ഭീഷണി. സുരഭിയുടെ തല വെട്ടി കുളത്തിലെറിയുമെന്നും ശരീരം കാണാതാക്കിക്കളയണമെന്നുമാണ് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നുള്ള ആഹ്വാനം.

ഓണപ്പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നും ബീഫ് കഴിക്കുന്നതിലൂടെ ഹിന്ദുക്കളെ അപമാനിച്ചെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപം. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് മാംസം കഴിക്കുന്നതെന്നും ചോദിച്ചാണ് പല പോസ്റ്റുകളും. മുസ്ലീം ചാനലില്‍ പോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണ് എന്നു പറഞ്ഞവരും ഉണ്ട്. പെരുന്നാളിന് ചാനലില്‍ വന്നിരുന്നു പന്നിയിറച്ചി കഴിക്കാനും ചിലര്‍ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ ഓണമായലും ഓണപ്പരിപാടി ആയാലും തനിക്കു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നായിരുന്നു സുരഭിയുടെ പ്രതികരണം. മീഡിയ വണ്‍ ചാനലില്‍ ‘സുരഭിയുടെ ഓണ’മെന്ന പേരില്‍ സുരഭി ലക്ഷ്മി അവതരിപ്പിച്ച പരിപാടിക്കിടെ ബീഫും പൊറാട്ടയും കഴിച്ചതിനാണ് നടിയേയും ചാനലിനേയും സോഷ്യല്‍ മീഡിയില്‍ തെറിവിളിയും അധിക്ഷേപങ്ങളും കൊണ്ട് അപമാനിക്കുന്നത്. എന്നാല്‍ പരിപാടി ഒരാഴ്ച മുമ്പ് തന്നെ ഷൂട്ട് ചെയ്തതാണെന്നും കോഴിക്കോട്ടെ ഒരു ഹോട്ടലിലായിരുന്നു ഷൂട്ട് എന്നും സുരഭി വ്യക്തമാക്കിയിരുന്നു. ഓണത്തിന് കോഴിക്കോട്ടുകാരിക്ക് കോഴിക്കറി കൂട്ടി ഓണം എന്ന അടിക്കുറിപ്പോടെ മറ്റൊരു ഫോട്ടോയും സുരഭി പോസ്റ്റ് ചെയ്തിരുന്നു. അതിനൊന്നും ഇല്ലാത്ത എതിര്‍പ്പായിരുന്നു ചാനല്‍ പരിപാടിക്കിടെ ബീഫും പൊറോട്ടയും കഴിച്ച സുരഭിക്ക് നേരെ ഉണ്ടായത്. അതിന്റെ പിന്നാലെയാണ് വിഷയം ഏറ്റെടുത്ത് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അനുഭാവികളും രംഗത്തെത്തിയത്.