ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാല ഇന്റര്‍നെറ്റില്‍. ഇന്നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പുലര്‍ച്ചെയോടെയാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.

അതിനിടെ, സിംഗപൂരില്‍ വെച്ച് ചിത്രം ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇന്ത്യയില്‍ ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസെങ്കില്‍ സിംഗപ്പൂര്‍, ദുബൈ എന്നിവിടങ്ങൡ ഇന്നലെ തന്നെ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല നിര്‍മിച്ചത് രജനിയുടെ മരുമകന്‍ ധനുഷാണ്. കാലക്കെതിരെ വലിയ പ്രതിഷേധമാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകക്കെതിരെ രജനികാന്ത് നിലപാട് സ്വീകരിച്ചതിനാലാണ് കാല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കന്നഡ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.

രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം പുറത്തുവരുന്ന ആദ്യത്തെ ചിത്രമാണിത്. കബാലിക്കു ശേഷം പാ രഞ്ജിത്തുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാല.
റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ന്നതില്‍ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി.
അടുത്തിടെ റിലീസ് ചെയ്ത ഒട്ടുമിക്ക തമിഴ് സിനിമകളും ഏറെ വൈകാതെ തന്നെ തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.