കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്കുള്ളില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് ഭിന്നത പരസ്യമാക്കിയത്.
സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ചന്ദ്രകുമാര്‍ ബോസ് തുറന്നടിച്ചു.

നിലവിലെ രീതി മാറ്റി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ എന്തുകൊണ്ട് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിക്കൂടായെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ജനാധിപത്യത്തെക്കുറിച്ച് വാചാലമാകുന്ന ബി.ജെ.പി എന്തുകൊണ്ടാണ് അതിന്റെ സംസ്ഥാന അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്താത്തതെന്നും ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയാറുള്ളത്. എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ പ്രാവര്‍ത്തികമാക്കുന്നില്ല. ബിജെപിയില്‍ ഏതൊരു സാധാരണക്കാരനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.