ന്യൂഡല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ ഏകപക്ഷീയമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

സന്ദര്‍ശനത്തില്‍ ജറൂസലേം വിഷയം ചര്‍ച്ചയില്‍ വരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സഈദ് ഫലസ്തീന്‍ അംബാസഡര്‍ക്കൊപ്പം പരസ്യമായി വേദി പങ്കിട്ടത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതു മുതലെടുത്ത് ജറുസലേം വിഷയത്തില്‍ ഇന്ത്യയുടെ പിന്തുണ തങ്ങള്‍ക്കൊപ്പം ആക്കാനാകും നെതന്യാഹു ശ്രമം.

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സഈദ് ഫലസ്തീന്‍ അംബാസഡര്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ ഇന്ത്യയുടെ കടുത്ത അമര്‍ഷം ഫലസ്തീനെ നേരിട്ടറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇസ്ലാമിക് ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഗന്‍ അബ്ബാസിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനു വേണ്ടിയുള്ള പൊതു പരിപാടിയിലാണ് ലഷ്‌കര്‍ തലവനൊപ്പം ഫലസ്തീന്‍ പ്രതിനിധി വാലിദ് അബൂ അലി വേദി പങ്കിട്ടത്.

വിദേശനയത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹാഫിസ് സഈദ് ഫലസ്തീന്‍ അംബാസഡര്‍ക്കൊപ്പം വേദി പങ്കിട്ടത്. ഇതോടെ മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശിക്കുമോ എന്ന് കണ്ടറിയണം. നെതാഹ്യുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാന മന്ത്രി മോദിയുടെ മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ പര്യടനം ആരംഭിക്കുക. ഇതില്‍ ഫലസ്തീനുമുണ്ടാന്നായിന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മെയില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇന്ത്യയിലെത്തിയിരുന്നു.