ജറുസലേം: സ്ത്രീകള്‍ക്കെതിരെ വീണ്ടും പരസ്യപ്രസ്താവനയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവകാശങ്ങളുള്ള മൃഗങ്ങള്‍ ആണ് സ്ത്രീകള്‍ എന്ന നെതന്യാഹുവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.’സ്ത്രീകള്‍ നിങ്ങളുടേതല്ല. നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗമല്ല സ്ത്രീ. നിങ്ങള്‍ക്ക് വേഗത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു മൃഗമല്ല സ്ത്രീ. ഇക്കാലത്ത് മൃഗങ്ങളെ ഉപദ്രവിക്കരുതെന്നാണ് പറയുന്നത്. നമുക്ക് മൃഗങ്ങളോട് അനുകമ്പ മാത്രമാണുള്ളത്. അതുപോലെയാണ്, സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്. അവകാശങ്ങളുള്ള മൃഗങ്ങള്‍’, എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

സ്ത്രീകളെ മൃഗങ്ങളോട് ഉപമിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.ഗാര്‍ഹിക പീഡനത്തെയും സ്ത്രീവിരുദ്ധതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പരാമര്‍ശമെന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.അതേസമയം ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നെതന്യാഹു രംഗത്തെത്തുന്നത്. നേരത്തെ കൊറോണ കാബിനറ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടിരുന്നു.