മുംബൈ: മഹാരാഷ്ട്രയിലെ സംഘര്‍ഷത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്.എസിനും ബിജെപിക്കും ദലിതരെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം. ഉനയും വെമുലയും ഇപ്പോള്‍ കൊറേഗാവും ദലിതരുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഭീമ-കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പട്ട് മറാത്താ-ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിന് വഴിയൊരുക്കുകയായിരുന്നു. തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നലെ കൂടുതല്‍ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. ഇതേതുടര്‍ന്ന് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ ദളിത് വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് മറാത്താ വിഭാഗക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഇന്നലെ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പലയിടത്തും ഇരു സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. അക്രമികള്‍ വാഹനങ്ങള്‍ തകര്‍ത്തതും ട്രെയിന്‍ തടഞ്ഞതും സ്ഥിതിഗതികള്‍ വഷളാക്കി. കലാപന്തരീക്ഷം ഉടലെടുത്തിട്ടും ക്രമാസമാധാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. വൈകി മാത്രമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായതെന്നാണ് വിമര്‍ശം.

ഇതിനിടെ സംഘര്‍ഷ പശ്ചാത്തലത്തില്‍ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടുന്നു. വാഹനങ്ങളും നിരത്തിലിറങ്ങാന്‍ മടിച്ചു. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളായ ചെമ്പൂരിലും മുലുന്ദിലും ദളിത് സംഘടനകള്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു. ബന്ദൂപ്, രമാഭായ് അംബേദ്കര്‍ നഗര്‍, വിക്രോളി, നെഹ്‌റു നഗര്‍, കുര്‍ള എന്നിവിടങ്ങളിലും നേരിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ചെമ്പൂര്‍, വിക്രോളി, മങ്കുര്‍ദ്, ഗോവണ്ടി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ബലമായി കടകളും മറ്റും അടപ്പിച്ചു. സിയോണ്‍-പനവേല്‍ ദേശീയ പാതയില്‍ വാഹന ഗതാഗതം തടഞ്ഞു. പുനെയിലെ അഹമ്മദ്‌നഗര്‍, ഔറംഗാബാദ് ജില്ലകളില്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങളും മറ്റും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.

സാധാരണ ജൂഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി ദളിത് നേതാവും ബി.ആര്‍ അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കര്‍ രംഗത്തെത്തി. ബോംബെ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ തന്നെ അന്വേഷണത്തിന് നിയോഗിക്കണം. ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ജുഡീഷ്യല്‍ കമ്മീഷന് അധികാരം നല്‍കണം. ദളിത് സമുദായക്കാരന്‍ അല്ലാത്ത ജഡ്ജിയെ വേണം അന്വേഷണത്തിന് നിയോഗിക്കാനെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

1818ല്‍ മറാത്താ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലാണ് ഭീമ-കൊറേഗാവ് യുദ്ധം അരങ്ങേറിയത്. ബ്രിട്ടീഷ് സൈന്യത്തിനായിരുന്നു വിജയം. ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ദളിതരും ഉള്‍പ്പെട്ടിരുന്നു. തൊട്ടുകൂടാത്തവരായി കണക്കാക്കിയിരുന്ന ദളിതര്‍ ഉന്നത ജാതിക്കാരായ മറാത്തികള്‍ക്കെതിരെ നേടിയ യുദ്ധ വിജയം എന്ന നിലയിലാണ് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭീമ-കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വിജയ വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

അതേ സമയം ഭീമ – കൊറേഗാവ് യുദ്ധ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂട്ടി വിവരം നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പ്രതിപക്ഷം. ഇതാണ് സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കിയതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. വിജയാഘോഷത്തില്‍ വന്‍തോതില്‍ ജനം തടിച്ചുകൂടുമെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ആവശ്യമായ പൊലീസ് സന്നാഹത്തെ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

ഒരു ലക്ഷത്തോളം പേരാണ് തിങ്കളാഴ്ച പുനെയില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നാണ് വിവരം. ഏറ്റുമുട്ടല്‍ നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ സംഘര്‍ഷമായി പരിണമിക്കുകയായിരുന്നു. ആവശ്യത്തിന് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്തതിനാല്‍ തുടക്കത്തിലേ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു.

അതേസമയം മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. അഞ്ചു കമ്പനി സേനയെ സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്ന് എന്‍.സി.പി നേതാവ് ശരദ് പവാറും കുറ്റപ്പെടുത്തി.