വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിന് ശേഷം നാലുദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. വാര്‍ത്ത പുറത്തുവന്നതിന് പിറകേ സന്തോഷസൂചകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. തത്സമയ സംപ്രേഷണത്തിനിടയില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് വികാരഭരിതനായി കണ്ണീര്‍വാര്‍ത്ത നിമിഷം അത്തരത്തിലൊന്നായിരുന്നു.

ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ത്ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്. രാജ്യത്തിന് ഇന്ന് നല്ല ദിവസമാണ്. നഷ്ടപ്പെട്ടവരോട് എനിക്ക് ഖേദമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമല്ല. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ഇതൊരു നല്ല ദിവസമാണ്.’ വാന്‍ ജോണ്‍സ് പറഞ്ഞു.

‘ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു രക്ഷകര്‍ത്താവാകുന്നത് എളുപ്പമായിരിക്കുന്നു. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമാണ് പ്രധാനം എന്ന് പറയുന്നത് എളുപ്പമായിരിക്കുന്നു. ഒരു നല്ല വ്യക്തിയാവുക എന്നുളളതാണ് പ്രധാനം.’ വാക്കുകള്‍ ഇടറി കണ്ണീര്‍ തുടച്ചുകൊണ്ട് വാന്‍ പറഞ്ഞു. പിന്നീട് ഇതേ വാക്കുകള്‍ ട്വിറ്ററില്‍ കുറിച്ചുകൊണ്ട് വാന്‍ ജോണ്‍സ് വീഡിയോയും പങ്കുവെച്ചു.