പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐയെ വെട്ടിലാക്കി സ്വന്തം വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. തെരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ മത്സരിക്കുമെന്ന് സംഘടന വ്യക്തമാക്കി. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക് സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

ഇത്തവണ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന് ഒപ്പമാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാസഖ്യത്തില്‍ ആറ് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ആറിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ആര്‍ജെഡിയുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുത്തെന്നും എഐഎസ്എഫ് ആരോപിക്കുന്നു.

പാര്‍ട്ടി ആര്‍ജെഡിക്ക് കീഴടങ്ങിയെന്നും കനയ്യ കുമാറിന്റെ ജനസ്വാധീനം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും സംഘടന ആരോപിക്കുന്നു. വിദ്യാര്‍ത്ഥി സംഘടന പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാര്‍ തോറ്റിരുന്നു. സിപിഐക്കു പുറമേ, കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഒപ്പം മത്സരിക്കുന്ന സിപിഎം നാലിടത്താണ് ജനവിധി തേടുന്നത്.