Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

കൊലക്കളമാകുന്ന ആതുരാലയങ്ങള്‍

EDITORIAL

Published

on

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ച സംഭവം, എന്തുപറ്റി നമ്മുടെ ആധുരാലയങ്ങള്‍ക്ക് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവുകളിലൂടെ പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ അവരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ എന്ന സന്ദേഹമാണ് ജനങ്ങളില്‍ രൂപപ്പെടുത്തുന്നത്. പിഴവുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ട ഭരണകൂടം വീഴ്ച്ചകള്‍ മറച്ചുവെക്കാന്‍ കള്ളക്കഥകള്‍ മെനയുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യാന്‍ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീതി നിഷേധത്തിന്റെയും നിഷേധാത്മകമായ സമീപനത്തിന്റെയും പേരില്‍ ഉറ്റവരുടെ ജീവനറ്റ ശരീരങ്ങളുമായി ആശുപത്രി കവാടത്തിനുമുന്നില്‍ പ്രതിഷേധമിരിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുമ്പോഴും ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന വാചാടോപവുമായി റോന്തുചുറ്റുന്ന ഭരണകൂടം ഒരുനാടിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ കൈക്കുഞ്ഞുമായി എസ്.എ.ടി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ മലയാളികളൊന്നാകെ തലതാഴ്ത്തിപ്പോവുകയാണ്.
ആരോഗ്യവതിയായി എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ 22 നായിരുന്നു എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26 ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായുമാണ് ഭര്‍ത്താവ് മനു പറയുന്നത്. എന്നാല്‍ പതിവുപോലെ രോഗിയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയും സ്വന്തം വീഴ്ച്ചകള്‍ മറച്ചുപിടിച്ചും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അണുബാധയാണ് മരണകാരണമെന്ന് സ്ഥിരിക്കീരിക്കുന്ന അവര്‍ വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമായി പറയുന്നത്.
കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വലിയ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രസ്തുത സംഭവത്തിലും ഡോക്ടര്‍മാര്‍ ന്യായീകരണവുമായി രംഗത്തെത്തുകയായിരുന്നു. ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് തുടര്‍ ചികിത്സയിലേക്ക് കടക്കാതിരുന്നതുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം തെറ്റാണെന്നും രോഗിയുടെ ക്രിയാറ്റിന്‍ലെവല്‍ സാധാരണ ഗതിയിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് മരണത്തിന് മണിക്കൂറുകള്‍ മുമ്പ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്, അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല, കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെ നീളുന്നതായിരുന്ന ആ ശബ്ദസന്ദേശം.
സര്‍ക്കാര്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചികിത്സാപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിയുടെ അമ്മ ആരോപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിയ്ക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കൈ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത് ഒക്‌ടോബര്‍ 29 നായിരുന്നു. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച് കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ക്കുപകരം ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കര്‍ത്തവ്യമെങ്കിലും നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം ഇത്തരം സംഭവങ്ങളും അഭംഗുരം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Continue Reading

editorial

വിട്ടൊഴിയാതെ വെര്‍ച്വല്‍ അറസ്റ്റ്

ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്

Published

on

വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വീട്ടമ്മയുടെയും 1.30 കോടി രൂപ നഷ്ടപ്പെട്ട ഡോക്ടറുടെയും അനുഭവങ്ങള്‍ നിയമത്തിനും നിയന്ത്രണങ്ങള്‍ക്കുമൊന്നും പിടികൊടുക്കാതെ വ്യാപകമായിത്തീര്‍ന്ന ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്. ദീര്‍ഘ കാലത്തെ വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റിലകപ്പെട്ടത്.

ഈ മാസം രണ്ടിന് ഉച്ചക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്‍വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കനറാബാങ്ക് അക്കൗണ്ടിലെ ആധാര്‍ കാര്‍ഡില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അറിയാനാണ് കോള്‍ ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ടുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കൂ എന്നാവശ്യപ്പെടുകയും മറ്റാരോടും പറയരുതെന്നും നിര്‍ദ്ദേശിച്ച് തുടര്‍ന്ന സംസാരം രാത്രി 11.30 വരെ തുടരുകയും ചെയ്യുകയായിരുന്നു.

അന്ന് പുലര്‍ച്ചേ വീണ്ടും വീണ്ടും വിളിച്ച് അക്കൗണ്ടിലെ മുഴുവന്‍ തുകയും നല്‍കിയാലേ കേസില്‍ നിന്നൊഴിവാക്കുകയുള്ളൂ എന്ന ഭീഷണി മുഴക്കുകയുണ്ടായി. ഭയപ്പെട്ടുപോയ ഇവര്‍ പിറ്റേദിവസം ബാങ്കിലെത്തി തന്റെ പേരിലുള്ള മൂന്ന് സ്ഥിര നിക്ഷേപങ്ങളും പിന്‍വലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മക്കള്‍ക്ക് അയക്കാനാണെന്ന് പറഞ്ഞ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാനായി നല്‍കിയ അക്കൗണ്ട് നമ്പറില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഫോണ്‍വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട കഥയാണ് വീട്ടമ്മയുടേതെങ്കില്‍ സമാനമായ സാഹചര്യത്തില്‍ എറണാകുളത്ത് മുതിര്‍ന്ന ഡോക്ടര്‍ക്ക് നഷ്ടമായത് 1.30 കോടിരൂപയാണ്.

ഈ മാസം ഒന്നുമുതല്‍ ആറുവരെയുള്ള ദിനങ്ങളിലാണ് ഡോക്ടര്‍ തട്ടിപ്പില്‍ അകപ്പെട്ടത്. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍ക്ക് കോള്‍ വന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ച തട്ടിപ്പുകാര്‍ പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് 48 മണിക്കൂറോളമാണ് കയറില്ലാതെ കെട്ടിയിട്ടത്. കൈയ്യിലുള്ള പണത്തിന്റെ ഉറവിടം ലഭ്യമാവണമെന്നും ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റണമെന്നും പരിശോധന കഴിഞ്ഞ് തിരികെ നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. നിര്‍ദേശപ്രകാരം കൈമാറിയ പണം തിരികെ കിട്ടാതായപ്പോയാണ് തട്ടിപ്പിനിരയായ വിവരം ഡോക്ടര്‍ തിരിച്ചറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പണത്തിന്റെ തുടര്‍ കൈമാറ്റം പൊലീസ് ഫ്രീസ് ചെയ്യുകയും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വെര്‍ച്വല്‍ അറസ്റ്റിന്റെയും ഡിജിറ്റല്‍ തട്ടിപ്പിന്റെയുമൊക്കെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പലതവണ ഉണ്ടാവുകയും ചെയ്തിട്ടും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നുള്‍പ്പെടെ രാജ്യവ്യാപകമായി 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്‍ അറസ്റ്റിന്റെ വ്യാപ്തിയില്‍ പരമോന്നത നീതി പീഠംതന്നെ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കര്‍ശനവും കഠിനവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ഹരിയാനയിലെ അംബാല സ്വദേശിനിയായ വയോധിക ചീഫ്ജസ്റ്റിസിന് എഴുതിയ കത്ത് സ്വമേധയാ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് എല്ലാ തട്ടിപ്പുകളെക്കുറിച്ചും എപ്പോഴും ബോധവനായിരിക്കുക എന്നതാണ് ഈ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ പണമോ ബാങ്കിംഗ് വിശദാംശങ്ങളോ ഫോണ്‍വഴി ആവശ്യപ്പെടില്ലെന്ന പ്രാഥമിക അറിവ് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കുകയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുകയും വേണം.

എന്തെങ്കിലും കാരണവശാല്‍ ഈ കെണിയില്‍ വീണുപോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്‍ കുടുങ്ങാന്‍ ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് രീതികളില്‍ ഒന്നുമാത്രമാണ് ഡിജിറ്റല്‍ അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായേ മതിയാവൂ.

Continue Reading

editorial

എസ്‌ഐആര്‍ നടത്തിപ്പിലെ ശരി തെറ്റുകള്‍

അഡ്വ. മുഹമ്മദ് ഷാ

Published

on

അടിസ്ഥാനപരമായി ഇന്ത്യന്‍ പൗരനായിരിക്കുകയെന്നതും 18 വയസ്സ് പൂര്‍ത്തികരിക്കുക എന്നതുമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാനദണ്ഡം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവര്‍ത്തികളോ മറ്റു കുറ്റകൃത്യങ്ങള്‍ കാരണമായോ അയോഗ്യനാക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അയോ ഗ്യനാക്കപ്പെടാം. 19-ാം വകുപ്പ് അനുസരിച്ച് 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന പൗരന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടേണ്ട മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ് എന്ന് തെളിയിക്കപ്പെടുകയും വേണം. ഒരു വ്യക്തി ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണോ എന്ന് പരിശോധിക്കപ്പെടേണ്ടത് 1950 ജനപ്രതിനിധി നിയമത്തിലെ സെക്ഷന്‍ 20 പ്രകാരവും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ പ്രകാരവുമാണ്. അതായത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ആ വ്യക്തി മൂന്ന് കാര്യങ്ങള്‍ തെളിയിക്കണം; 1. ഇന്ത്യന്‍ പൗരനാണ്. 2. 18 വയസ്സ് തികഞ്ഞിട്ടുണ്ട്. 3. ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ്. 10-ാം ക്ലാസ് പൂര്‍ത്തികരിച്ച വ്യക്തികളെ സംബന്ധിച്ച് മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റിലൂടെ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത ആള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതിലൂടെ പ്രായവും പൗരത്വവും തെളിയിക്കാം. പാസ്‌പോര്‍ട്ട് ഇല്ലാത്ത 10-ാം ക്ലാസ് വിദ്യാഭ്യാ സം ഇല്ലാത്ത ഒരാള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത പാസ്‌പോര്‍ട്ട് ഇല്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ലക്ഷകണക്കിന് ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവര്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. എന്നാല്‍ രേഖകള്‍ ചോദിച്ചാല്‍ അതുണ്ടാവണമെന്നില്ല. രേഖകളില്ല എന്ന ഒറ്റ കാരണത്താല്‍ അവര്‍ക്ക് പൗരത്വവും വോട്ടവകാശവും നഷ്ടപെട്ടേക്കാം. അതാണ് അടിസ്ഥാനപരമായ ഒരു പ്രശ്നമായി കാണുന്നത്.

01.01.2002 യോഗ്യത തീയതിയായി കണക്കാക്കി രേഖകള്‍ ഉള്ളവരും ഇല്ലാത്തവരും പൗരത്വവും പ്രായവുമൊക്കെ തെളിയിച്ചു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാ നായുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ആന്‍ഡമാന്‍, ഛത്തിസ്ഗഡ്, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 01.01.2026 യോഗ്യത തീയതിയായി കണക്കാക്കി വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പുനപരിശോധന നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 24.06.2025ലെ ഉത്തരവിലൂടെ ബിഹാറില്‍ നടത്തിയ പ്രക്രിയ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുക എന്നതാണ് നിര്‍ദേശം. ബൂത്ത്തല ഉദ്യോഗസ്ഥന്മാരെ എന്യുമെറേഷന്‍ ഫോം കൊടുത്ത് വീടുകളില്‍ അയച്ച് ഫോം പൂരിപ്പിച്ചു വാങ്ങുക എന്നതാണ് ആദ്യത്തെ പ്രക്രിയ, വീട്ടില്‍ ചെല്ലുമ്പോള്‍ വീട് പൂട്ടിയിരിക്കുകയാണെന്ന് കണ്ടാല്‍ വീടിന്റെ ഏതെങ്കിലും ഭാഗത്തു എന്യൂമെറേഷന്‍ ഫോം വെച്ച് മൂന്നു തവണയെങ്കിലും വീടുകള്‍ കയറി പൂരിപ്പിച്ച ഫോമുകള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലുള്ള വോട്ടര്‍മാര്‍ക്ക് എന്യൂമെറേഷന്‍ ഫോമുകള്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയുകയും പൂരിപ്പിച്ച ഫോമുകളും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്. ഏതെങ്കിലും ഒരു വോട്ടര്‍, ഫോമും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ വോട്ടറുടെ വീട്ടിലെത്തുമ്പോള്‍ ബൂത്ത് തല ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടതാണ്. ലഭിച്ച എന്യൂമെറേഷന്‍ ഫോമുകളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കണം, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം പട്ടി കയിലുള്ള വോട്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തി യോഗ്യരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍നിന്നും പുറത്താക്കാവുന്നതാണ്. യോഗ്യത എന്ന് വെച്ചാല്‍ പൗരത്വം, 18 വയസ്സ്, സ്ഥിരതാമസം എന്നിവയാണ്. പൗരത്വത്തില്‍ സംശയമുള്ള ആളുകളുടെ വിവരങ്ങള്‍ 1955ലെ പൗരത്വ നിയമ പ്രകാരമുള്ള കൊമ്പിറ്റെന്റ് അതോറിറ്റിക്ക് നല്‍കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബാധ്യസ്ഥനാണ്. ഇവിടെയും ഒരു പ്രശ്‌നമുണ്ട്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ആളെ വിദേശി എന്ന് വിളിക്കാം. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ രേഖയില്ലാത്ത ഒരാളെയും ബൂത്ത് തല ഉദ്യോഗസ്ഥന് വിദേശി എന്ന് വിളിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവിന്മേല്‍ ജില്ലാ മജിസ്‌ട്രേറ്റിനു ഒന്നാം അപ്പീലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രണ്ടാം അപ്പിലും ഉണ്ടായിരിക്കുന്നതാണ്.
പ്രത്യേക സമഗ്ര പുനപരിശോധനയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു അവരുടെ ബൂത്ത് തല ഏജന്റുമാരുടെ പട്ടിക ആവശ്യപ്പെടാവുന്നതാണ്. വീടുകള്‍ തോറും എന്യൂമെറേഷന്‍ നടത്തുന്നതിന് മുമ്പായി ബൂത്ത് തല ഓഫിസര്‍മാര്‍ ബുത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതാണ്. കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമെല്ലാം നടത്തിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.

എന്യുമെറേഷന്‍ ഫോമിന്റെ പ്രത്യേകതകള്‍

. 01.07.1987ന് മുമ്പ് ജനിച്ചവര്‍ ജനനത്തി യതിയും ജനിച്ച സ്ഥലവും തെളിയിക്കാനു ള്ള രേഖകള്‍ നല്‍കണം.
. 01.07,1987നും 02.12.2004നും ഇടയില്‍ ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലത്തോടൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്.
. 02.12.2004-ന് ശേഷം ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലവും തെളിയിക്കുന്നതോടൊപ്പം മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്. മാതാവോ പിതാവോ ആരെങ്കിലും ഇന്ത്യന്‍ പൗരനല്ലെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് അവര്‍ക്കുണ്ടായിരുന്ന സാധുവായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കോപ്പി നല്‍കേണ്ടതാണ്

ഇതൊക്കെ കൊടുക്കല്‍ നിര്‍ബന്ധമാണെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും രേഖകളും വിദേശിയായ മാതാവോ പിതാവോ ഉണ്ടെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് ഉള്ള വിസ എവിടെ നിന്ന് കൊടുക്കും. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, മെട്രിക്യുലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ അനുവദനീയമായ രേഖ കള്‍ എന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥനെന്നുള്ള ഐഡന്റിറ്റികാര്‍ഡോ, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറോ, വ നാവകാശ രേഖയോ, ജാതി സര്‍ട്ടിഫിക്കേറ്റോ, എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ട രേഖയോ, സര്‍ക്കാര്‍ വീടോ ഭൂമിയോ പതിച്ചു നല്‍കിയതിന്റെ രേഖയോ, സര്‍ക്കാര്‍ അ ധികാരികള്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ, സംസ്ഥാനങ്ങളോ തദ്ദേശ സ്ഥാപനങ്ങളോ നല്‍കുന്ന കുടുംബ രജിസ്റ്ററോ ഒക്കെയാണ്. ജനന സര്‍ട്ടിഫിക്കറ്റ്. പാസ്‌പോര്‍ട്ട്, മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കഴിഞ്ഞാല്‍ മറ്റു രേഖകളൊക്കെ വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം കൈവശമുള്ളതാണ്. സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ കുടുംബ രജിസ്റ്ററോ ലഭിക്കണമെങ്കില്‍ തന്നെ മേല്‍പറഞ്ഞ രേഖകളില്ലാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ടുമാണ്.

08.09.2025ലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡിനെ പൗരത്വം തെളിയിക്കുന്ന രേഖയല്ലാതെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമായി കണക്കാക്കി 1200 ത്തെ രേഖയായി ഇലക്ഷന്‍ കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച് പ്രത്യേകമായി 1950ലെ ജനപ്രതിനിധി നിയമവും 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടര്‍സ് ചട്ടവും 10.02.2011ല്‍ യു.പി.എ സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 20 എ ഉള്‍പെടുത്തുകയും ചട്ടങ്ങളില്‍ ചട്ടം # A, B എന്നിവ ഒക്കെ ഉള്‍പ്പെടുത്തി വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക് തീര്‍ച്ചയായും പാസ്‌പോര്‍ട്ട് എന്ന രേഖ ഉണ്ട് എന്ന് ഉറപ്പുള്ളതിനാല്‍ മറ്റുള്ളവരേക്കാള്‍ വോട്ടര്‍ പട്ടികയില്‍ രേഖകളുടെ അടിസ്ഥാന ത്തില്‍ ഉള്‍പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സമഗ്ര പുനപരിശോധനയില്‍ വീടുകള്‍ കയറി എന്യൂമെറേഷന്‍ നടത്തുമ്പോള്‍ നാട്ടില്‍ ഇല്ലാത്ത പ്രവാസികള്‍ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷിക്കേണ്ടത് എന്ന് വ്യക്തമായി പറയുന്നില്ല. എന്നാല്‍ എന്യൂമറേഷന് വരുമ്പോള്‍ വീട്ടിലെ ഒരംഗം ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രവാസിയുടെ ഫോമും കൊടുക്കാവുന്നതാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞറിഞ്ഞു. അനുവദനിയമാണെങ്കില്‍ അതും വിജ്ഞാപനത്തില്‍ പറയലല്ലേ ശരി. അല്ലെങ്കില്‍ മുറ പറയുന്ന ഏതെങ്കിലും ബി.എല്‍.ഒമാരുടെ കരുണക്കായി ചിലപ്പോള്‍ യാചിക്കേണ്ടിവരും.

സാധാരണ ചട്ടപ്രകാരം ഇന്ത്യയില്‍ ഉള്ള ഒരാള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ഫോം 6 ല്‍ അപേക്ഷ നല്‍കണം. പ്രവാസിയാണെങ്കില്‍ ഫോം 6A യില്‍ പോസ്റ്റലായോ ഇലക്ട്രോണിക്കലായോ അപേക്ഷയും രേഖകളും നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. കരട് പട്ടികയില്‍ പേരില്ലെങ്കില്‍ ഫോം 6ല്‍ അപേക്ഷ നല്‍കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഫോം 5A യില്‍ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കുന്നത് സംബന്ധിച്ച പുതിയ വിഞാപനം എവിടെയും പറഞ്ഞു കാണുന്നില്ല. അപ്പോള്‍ കരട് പട്ടികയില്‍ പേരില്ലെങ്കില്‍ പ്രവാസി എങ്ങനെ അപേക്ഷ കൊടുക്കും. ജനങ്ങളുടെ പൗരത്വം, വോട്ടവകാശം എന്നിവയൊക്കെ എത്ര ലാഘവത്തോടെയാണോ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ കാണുന്നത്. പ്രവാസികള്‍ ഉള്‍പ്പടെ വളരെ അധികം ആളുകളെ ബാധിക്കുന്ന പ്രശ്‌നം നിയമപര മായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ഇലക്ഷന്‍ കമ്മിഷനുമായും ചിഫ് ഇലക്ടറല്‍ ഓഫീസറുമായും സമഗ്ര ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മിഷന്‍ വഴങ്ങാത്ത പക്ഷം അവകാശ നിഷേധത്തിനെതിരെ ഭരണ ഘടനപരമായും നിയമപരമായും പരിഹാരം കാണേണ്ടതുണ്ട്.

Continue Reading

Trending