india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

By webdesk17

November 16, 2025

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്. ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്? പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്. കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.