തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് പരോള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

സംഭവത്തില്‍ കമ്മീഷന്‍, ജയില്‍ ഡി.ജി.പിയോട് വിശദീകരണം തേടി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോളിന് അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു കമ്മീഷനെ സമീപിച്ചത്.

ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിക്കുക. പൊലീസ് റിപ്പോര്‍ട്ട് എതിരായ സാഹചര്യത്തിലാണ് ബിജു രാധാകൃഷ്ണന് പരോള്‍ നിഷേധിച്ചത്. വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോള്‍ അനുവദിക്കണമെന്നാണ് ബിജു രാധാകൃഷ്ണന്റെ ആവശ്യം.