കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ബെംഗളൂരു ലഹരിമരുന്ന് കേസുമായിമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഒക്ടോബര്‍ ആറിന് ബെംഗളൂരു ശാന്തി നഗറിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്‌ ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്.

ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.