കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. 31നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ തള്ളിയത്. ഇതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറാക്കിയ കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന നയരേഖ മാത്രമാകും പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ എത്തുക.

ഒത്തുതീര്‍പ്പെന്ന നിലയില്‍ കാരാട്ടും യെച്ചൂരിയും അവതരിപ്പിച്ച രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകട്ടെ എന്ന നിലപാട് ബംഗാള്‍ ഘടകം നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ രണ്ട് രേഖകള്‍ വേണ്ട വോട്ടെടുപ്പ് നടത്തി ഏത് രേഖ അംഗീകരിക്കണമെന്ന് തീരുമാനിക്കാമെന്ന കാരാട്ട് പക്ഷത്തിന്റെ പിടിവാശിയാണ് ഒടുവില്‍ കേരള ഘടകത്തിന്റെ പിന്തുണയോടെ വിജയം കണ്ടത്.

ഫലത്തില്‍ ജനറല്‍ സെക്രട്ടറി തന്നെ അവതരിപ്പിച്ച ഒരു രേഖ പാര്‍ട്ടി തന്നെ തള്ളിക്കളഞ്ഞെന്ന അസാധാരണ പ്രതിസന്ധിയിലാണ് സി.പി.എം എത്തിയിരിക്കുന്നത്. നയരേഖയുടെ ചര്‍ച്ചാ വേളയില്‍ ഒരുഘട്ടത്തില്‍ തന്റെ രേഖ അംഗീകരിക്കുന്നില്ലെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന് യെച്ചൂരി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി തള്ളിയാലും അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ആ ഘട്ടത്തില്‍ ബംഗാള്‍ ഘടകത്തിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസുമായി ധാരണ എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തെ അനുകൂലിച്ചത് ബംഗാളിനു പുറമെ ത്രിപുരയിലേയും, തമിഴ്‌നാട്ടിലേയും ഓരോ പ്രതിനിധികള്‍ മാത്രമാണ്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച കേരള ധനകാര്യ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് യെച്ചൂരിയുടെ രേഖ വേണോ അതോ കാരാട്ടിന്റെ രേഖ അംഗീകരിക്കണോ എന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും മുമ്പേ കേരളത്തിലേക്ക് മടങ്ങി. ബജറ്റ് തയാറാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായാണ് വോട്ടെടുപ്പിന് നില്‍ക്കാതെ മടങ്ങിയതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കേന്ദ്ര കമ്മിറ്റിയില്‍ സമവായമുണ്ടാക്കാനായി ശനിയാഴ്ച രാത്രി എട്ടു മുതല്‍ പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമുണ്ടാക്കാനായിരുന്നില്ല. അതേ സമയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കേന്ദ്രകമ്മിറ്റി തീരുമാനം ആരുടെയും വിജയവും പരാജയവുമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള രേഖയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതെന്ന് കേന്ദ്ര കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നത്. ഇതില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണണമെന്നുള്ള അജണ്ട അംഗീകരിച്ചിട്ടുണ്ട്. പക്ഷെ അത് എങ്ങനെയെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഡല്‍ഹിയില്‍ നടന്നത് ഇതിന് മുമ്പ് നടന്ന ചര്‍ച്ച മാത്രമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും യെച്ചൂരി പറഞ്ഞു.

യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വാര്‍ത്ത തള്ളാതെ താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തന്റെ രേഖയെ വെട്ടിനിരത്താന്‍ മുന്നില്‍ നിന്ന കേരള ഘടകത്തെയും ഇടതു സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിക്കാനും യെച്ചൂരി ശ്രമിച്ചതും ശ്രദ്ധേയമായി. സാക്ഷരതയുടെ കാര്യത്തില്‍ ത്രിപുര, കേരളത്തെ കടത്തിവെട്ടിയെന്ന് പറഞ്ഞ യെച്ചൂരി, കേരളത്തെക്കാളും മികച്ച ഭരണം ത്രിപുരയിലേതാണെന്നും അഭിപ്രായപ്പെട്ടു.