ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ഹരിപൂര്‍ ഗ്രാമത്തിലെ ബിജെപി നേതാവും ക്ഷേത്ര പഞ്ചായത്ത് അംഗം കൂടിയായ അര്‍ജ്ജുന്‍ യാദവ് (46) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ഹരിപൂര്‍ ഗ്രാമത്തിലെ പൊവല്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ജല്‍ദിപൂര്‍ സ്വദേശിയായ ഇദ്ദേഹം നടത്തിവരുന്ന ആയുര്‍വേദ കടയടച്ചതിന് ശേഷം രാത്രി ഒമ്പതോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വെടിയുതിര്‍ത്തതിന് ശേഷം അജ്ഞാതര്‍ ഓടി രക്ഷപെടുകയായിരുന്നു. നെഞ്ചിലാണ് വെടിയേറ്റത്. സംഭവം നടന്നയുടന്‍ തന്നെ സമീപവാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആസാംഗഡ് എസ്പി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട അക്രമികളെ ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.