കലാഹണ്ഡി: ഒഡിഷയില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഡ് ബി.ജെ.പി എന്‍.ജി.ഒ സെല്‍ സെക്രട്ടറി ലോകേഷ് കവാഡിയയാണ് കൂട്ടാളികള്‍ക്കൊപ്പം പിടിയിലായത്. ഇവരില്‍ നിന്ന് നാല് വാഹനങ്ങളും 2.11 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഒഡിഷയിലെ കലാഹണ്ഡി ജില്ലയില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണം നടത്തുകയായിരുന്നു കവാഡിയയും സംഘവും. ഛത്തിസ്ഗഡില്‍ നിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

അതേസമയം, പണം വിതരണം ചെയ്തുവെന്ന ആരോപണം ഒഡീഷ യൂണിറ്റ് പ്രസിഡണ്ട് ബസന്ത് പാണ്ഡ നിഷേധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡിഷയില്‍ പ്രചരണം നടത്താന്‍ പാടില്ലെന്ന് നിയമമില്ലെന്നും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും പാണ്ഡ പറഞ്ഞു.