ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍ രണ്ടുപേരും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

‘കുനിഗലിനടുത്തു വച്ച് അപകടം നടന്നതിനു ശേഷം മൃതദേഹങ്ങള്‍ അവിടെനിന്നും മാറ്റുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുന്നതു വരെ രവി സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. മദ്യപാനശീലമുള്ള ആളുമല്ല അദ്ദേഹം. നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം ഡോക്ടറെ കാണുകയും പിന്നീട് ഡിസ്ചാര്‍ജ് ആകുകയും ചെയ്തു,’ -ബി.ജെ.പി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

രാത്രി രണ്ടു മണിക്കാണ് അപകടം സംഭവിച്ചത്. സുനില്‍, ശശി എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എം.എല്‍.എയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.