തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ വെട്ടിലാക്കി വീണ്ടും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസമെന്ന് രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി പതിയെ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. കേരളത്തില്‍ 90 ശതമാനമാണ് സാക്ഷരത. അവര്‍ ചിന്തിക്കുന്നു. അവര്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്ബന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാന്‍ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ, ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്’ രാജഗോപാല്‍ പറഞ്ഞു.