കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഘം എത്തുന്ന വിവരം ആദ്യം നല്‍കിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. ഇയാളെ പിന്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് മറ്റു നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. തൃശൂര്‍, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. കൊച്ചിയിലെ ഷാഡോ പൊലീസ് ആണ് സംഘത്തെ പിടികൂടിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.