കോഴിക്കോട്: നഗര വീഥികളില്‍ ചിത്രങ്ങള്‍ വരച്ചും പട്ടം പറത്തിയും ജനങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബ്ലോഗര്‍മാര്‍ പുതു ചരിത്രമെഴുതി. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ പകര്‍ത്തിയെഴുതാനെത്തിയ വിദേശ ബ്ലോഗര്‍മാര്‍ കോഴിക്കോടിന്റെ നഗരവീഥിയിലെ മതിലുകള്‍ക്ക് ചിത്രവര്‍ണമേകി. മാനാഞ്ചിറ ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷനിലെ മതിലില്‍ കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായുളള മണിചിത്രത്തൂണിന്റെ വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്നാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ ബ്ലോഗര്‍മാര്‍ നഗരം മനോഹരമാക്കുന്നതിന് ഒരു കൈ സഹായിച്ചത്.
മതിലിന്റെ ഒരു ഭാഗം വൃത്തിയാക്കിയാണ് ചിത്രത്തൂണിന്റെ പ്രവര്‍ത്തകര്‍ ചിത്രരചനക്ക് കാന്‍വാസ് ഒരുക്കിയത്. ബ്ലോഗര്‍മാര്‍ ഇവരോടൊപ്പം ബ്രഷിലും ഒരു കൈേനാക്കി. തുടര്‍ന്ന് നാട്ടുകാരുമായി ആശയവിനിമയത്തിലേര്‍പ്പെട്ടും ഫോട്ടോകളെടുത്തും ഇളനീരിന്റെ മധുരം നുകര്‍ന്നും ഇടകലര്‍ന്ന സഞ്ചാരികള്‍ക്ക് കോഴിക്കോടന്‍ അനുഭവം മനം നിറക്കുന്നതായി. നഗരവീഥികളിലൂടെ ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി സഞ്ചരിച്ച് നഗരകാഴ്ചകള്‍ കാണാനും അവര്‍ മറന്നില്ല. ചരിത്ര നഗരിയുടെ ശേഷിപ്പുകളും പൈതൃക കേന്ദ്രങ്ങളും ആവോളം ക്യാമറയില്‍ പകര്‍ത്തിയും ബ്ലോഗര്‍മാര്‍ കോഴിക്കോടിനൊപ്പം സഞ്ചരിച്ചു.
അര്‍ജന്റീന, ബ്രസീല്‍, പോളണ്ട്, ആസ്‌ത്രേലിയ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, സ്‌പെയിന്‍ തുടങ്ങിയ 29 രാജ്യങ്ങളില്‍നിന്നായി ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ ടൂറിസം വകുപ്പ് തെരഞ്ഞെടുത്ത 30 ബ്ലോഗ് എഴുത്തുകാരാണ് ബ്ലോഗ് എക്‌സ്പ്രസ് എന്ന പരിപാടിയുടെ ഭാഗമായി 15 ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായി ബുധനാഴ്ച കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് വണ്‍ ഇന്ത്യ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് കോഴിക്കോട് ബീച്ചില്‍വെച്ച് പട്ടം പറത്തലില്‍ പരിശീലനം നല്‍കി. ഇതിനുശേഷം സംഘം ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല ഗ്രാമം സന്ദര്‍ശിച്ചു.
ബ്ലോഗ് എക്‌സ്പ്രസിന്റെ നാലാം സീസണ്‍ ആണിത്. കഴിഞ്ഞ നാല് സീസണിലും പരിപാടി വന്‍ വിജയമായിരുന്നു. പ്രകൃതിസുന്ദരവും ചരിത്രപരമായും കലാപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ അവരുടെ ബ്ലോഗുകളിലൂടെ യാത്രാനുഭവം ലോകമെങ്ങുമുള്ള വായനക്കാരുമായി പങ്കുവെക്കുന്നു.
കേരള ടൂറിസത്തിന്റെ ആഗോള അംബാസഡര്‍മാരായി ഇവര്‍ ലോകത്തോട് ആശയ വിനിമയം നടത്തുന്നു. നിരവധി വായനക്കാരുള്ള ബ്ലോഗര്‍മാരാണ് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ പദ്ധതിയിലൂടെ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതായി ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ യു. വി. ജോസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സഞ്ചാരികളെ സ്വീകരിക്കാനെത്തിയിരുന്നു.
ഇന്ന് കണ്ണൂരിലേക്ക് തിരിക്കും. ഏപ്രില്‍ രണ്ടിന് കാസര്‍കോട് സന്ദര്‍ശിച്ച ശേഷം ബ്ലോഗ് എക്‌സ്പ്രസിന്റെ പര്യടനം ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും.