ജർമൻ കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസും ബി.എം.ഡബ്ല്യുവും തമ്മിലുള്ള മാത്സര്യം പ്രസിദ്ധമാണ്. അവസരം കിട്ടുമ്പോഴൊക്കെ പരസ്യങ്ങളിലൂടെ പരസ്പരം പാരപണിയുന്ന ഈ കമ്പനികൾ കോർപറേറ്റ് ലോകത്തും ആരാധകർക്കിടയിലും ചിരി പടർത്താറുണ്ട്. ആരോഗ്യകരമായ മത്സരത്തിലൂടെ ഇരുകമ്പനികളും ആഗോള കാർ വിപണിയിൽ തങ്ങളുടേതായ ഇടം നേടുകയും ചെയ്തു.

മെഴ്‌സിഡസ് ബെൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദീതർ സെറ്റ്‌ഷെ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ രസകരമായ ‘സമ്മാന’മാണ് എതിരാളികളായ ബി.എം.ഡബ്ല്യു നൽകിയത്. ‘വിരമിക്കൽ എന്നാൽ വിശാലമായ തുറന്ന ഭാവിയിലേക്ക് സഞ്ചരിക്കലാണ്’ എന്ന തലക്കെട്ടിൽ തങ്ങളുടെ യൂട്യൂബ് പേജിൽ ബി.എം.ഡബ്ല്യു പ്രസിദ്ധീകരിച്ച വീഡിയോ, സെറ്റ്‌ഷെയുടെ ഓഫീസിലെ അവസാന ദിനമാണ് ചിത്രീകരിക്കുന്നത്. ജോലി കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞ് തന്റെ ബെൻസ് എസ് ക്ലാസ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നു. തന്നെ വീട്ടിൽ കൊണ്ടാക്കിയ കാറിനെയും ഡ്രൈവറെയും തിരിച്ചയക്കുന്ന രംഗങ്ങൾക്കൊടുവിലാണ് ബി.എം.ഡബ്ല്യു തങ്ങളുടെ എതിരാളികൾക്ക് പണികൊടുത്തിരിക്കുന്നത്.

വീട്ടിലെത്തിയ ശേഷം തന്റെ ഗാരേജിൽ നിന്ന് ബി.എം.ഡബ്ല്യു ഐ8 റോഡ്‌സ്റ്റർ കാറുമായി ദീതർ സെറ്റ്‌ഷെ പുറത്തിറങ്ങുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. ഒപ്പം ‘അവസാനം സ്വാതന്ത്ര്യം’ എന്നൊരു വാചകവും. ‘നന്ദി ദീതർ സെറ്റ്‌ഷെ, ആവേശമുണ്ടാക്കുന്ന മത്സരങ്ങളുടെ നിരവധി വർഷങ്ങൾക്ക്’ എന്ന വാചകങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിനകം യൂട്യൂബിൽ മുപ്പത് ലക്ഷവും ഫേസ്ബുക്കിൽ 15 കോടിയും ആളുകൾ ഇത് കണ്ടുകഴിഞ്ഞു.

https://twitter.com/MercedesBenz/status/1131177844502081536

ബി.എം.ഡബ്ല്യുവിന്റെ ‘പ്രകോപനം’ മെഴ്‌സിഡസ് ബെൻസ് തന്നെ ട്വിറ്ററിൽ ഷെയർ ചെയ്തു. സെറ്റ്‌ഷെക്ക് പുതിയ കാർ നിർദേശിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ബെൻസിന്റെ ഇ.ക്യു കാറിലാവും ഇനി അദ്ദേഹത്തിന്റെ യാത്രയെന്നും കമ്പനി വ്യക്തമാക്കി.