തൃശൂര്‍: തൃശൂരില്‍ പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ റോഡില്‍ വീണു. കുഞ്ഞു പുറത്തേക്ക് വീണത് അറിയാതെ മാതാപിതാക്കള്‍ മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി.

ഇന്നലെ ഉച്ചക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആസ്പത്രിക്കു മുന്നിലാണ് നാടകീയ സംഭവം.
പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷും ഭാര്യയും മൂന്നു കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ജില്ലാ ആസ്പത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്.

സ്വരാജ് റൗണ്ടിലേക്ക് കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ഗോകുല്‍നാഥ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ഇത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നു. വാഹനം മുന്നോട്ട് ഏറെ ദൂരം നീങ്ങി. എന്നാല്‍ ജില്ലാ ആസ്പത്രിക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ ഡ്രൈവര്‍ ജിനൂപ് ആന്റോയുടെ സമയോചിത ഇടപെടില്‍ കുട്ടിക്കു രക്ഷയായി.

വാഹനം റോഡിനു കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മറ്റു വാഹനങ്ങളെ ഇദ്ദേഹം നിര്‍ത്തിച്ചു. ഇതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോജോ ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്ത് ആസ്പത്രിയിലെത്തിച്ചു. കുട്ടിക്ക് കാര്യമായ പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.