നതാല്‍: ഒരു ഗോളും രണ്ട് അസിസ്റ്റുമായി നെയ്മര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി.

സ്വന്തം തട്ടകമായ അറീന ദസ് ദുനാസില്‍ ക്യാപ്ടന്‍ നെയ്മര്‍, ഫിലിപ് കുടിന്യോ, ഫിലിപ് ലൂയിസ്, ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ട് ഫിര്‍മിനോ എന്നിവരാണ് മഞ്ഞപ്പടക്കു വേണ്ടി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ആദ്യപകുതി പിന്നിടുമ്പോള്‍ പെറുവിനെതിരെ ഒരു ഗോളിന് മുന്നിലാണ്.

11-ാം മിനുട്ടില്‍ ബോക്‌സില്‍ നിന്ന് ഗബ്രിയേല്‍ ജീസസുമൊത്ത് നടത്തിയ വണ്‍ ടച്ച് നീക്കങ്ങള്‍ക്കൊടുവില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ പന്തടിച്ചു കയറ്റിയാണ് നെയ്മര്‍ കാനറികളുടെ സ്‌കോറിങ് തുടങ്ങിയത്.

26-ാം മിനുട്ടില്‍ ബോക്‌സിനകത്തു നിന്ന് ഗ്യുലിയാനോയുടെ പാസില്‍ നിന്നായിരുന്നു ഫിലിപ് കുട്ടിന്യോയുടെ ഗോള്‍. 39-ാം മിനുട്ടില്‍ നെയ്മര്‍ നല്‍കിയ പന്തുമായി മുന്നേറിയ ഡേവിഡ് ലൂയിസ് ലക്ഷ്യം കണ്ടു.

44-ാം മിനുട്ടില്‍ നെയ്മറുടെ ത്രൂപാസ് ഓടിപ്പിടിച്ചെടുത്ത് മനോഹരമായ ചിപ്പിലൂടെ ജീസസ് സ്‌കോര്‍ നാലാക്കി ഉയര്‍ത്തി.

75-ാം മിനുട്ടില്‍ കുട്ടിന്യോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് ഫിര്‍മിനോയും സ്‌കോര്‍ പട്ടികയില്‍ പേരു ചേര്‍ത്തു.