വളരെ സാധാരണ നിലയില്‍ പോയ്‌ക്കൊണ്ടിരുന്ന ജീവിതമാണ് പെട്ടെന്നൊരു മഹാമാരിക്കുമുന്നില്‍ മാറിമറിഞ്ഞത്. ജീവിതം എല്ലാ അര്‍ത്ഥത്തിലും മാറിമറിഞ്ഞു. ആശുപത്രികളില്‍ മാത്രം കണ്ടുവന്നിരുന്ന മാസ്‌കുകള്‍ വരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നത് ഇപ്പോള്‍ കുറ്റകരമായ സ്ഥിതി കൂടിയാണ്. വായും മൂക്കും മൂടികെട്ടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ചിലര്‍ക്കെങ്കിലും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മാസ്‌കിന് ബദല്‍ മാര്‍ഗം എന്തെങ്കിലുമുണ്ടോ എന്നൊരു ചിന്ത വന്നാലോ?

ബ്രീത്ത് വെല്‍ ട്യൂബ് പരിചയപ്പെടാം വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് പലര്‍ക്കും പുതിയ അറിവായ ബ്രീത്ത് വെല്‍ ട്യൂബിനെ ഒരു ട്വിറ്റെര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ‘മാസ്‌കിനെക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കാന്‍ സൗകര്യപ്രദം’ എന്ന കുറിപ്പും #Coron-a-Innov-a-tion എന്ന ഹാഷ്ടാഗോഡും കൂടെയാണ് ഹര്‍ഷ് ഗോയങ്ക ബ്രീത്ത് വെല്‍ ട്യൂബിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ താമസിക്കുന്ന പാബ്ലോ ബോഗ്ദാനാണ് ബ്രീത്ത് വെല്‍ ട്യൂബിന്റെ പിന്നില്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘കോവിഡ് 19 അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ബ്രീത്ത് വെല്‍ ട്യൂബിന് ആള്‍കാര്‍ തമ്മിലുള്ള സാമൂഹിക ഇടപെടല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും’. കാരണം സംഭാഷണ സമയത്ത് നിങ്ങള്‍ക്ക് മറ്റൊരാളുടെ മുഖം കാണാന്‍ കഴിയും. സുതാര്യമാണ് ബ്രീത്ത് വെല്‍ ട്യൂബ്.

പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചിരിക്കുന്ന ‘ബ്രീത്ത് വെല്‍ ട്യൂബ്’ മാസ്‌കുകളേക്കാള്‍ സുരക്ഷിതമാണെന്ന് പാബ്ലോ വിശ്വസിക്കുന്നു. ഒരാളുടെ തോള്‍ ഭാഗം മുതല്‍ തല മുഴുവനായി മൂടുന്നതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. ബ്രീത്ത് വെല്‍ ട്യൂബ് ധരിച്ചാല്‍ ധരിക്കുന്ന വ്യക്തിക്ക് തന്നെ സ്വന്തം മുഖത്ത് സ്പര്‍ശിക്കാന്‍ പ്രയാസമാണ്. മാസ്‌കുകളേക്കാള്‍ ബ്രീത്ത് വെല്‍ ട്യൂബ് സുരക്ഷിതമാണ് എന്ന് പാബ്ലോ പറയുന്നതിന്റെ അടിസ്ഥാനം.