ലണ്ടന്‍: പാര്‍ലമെന്റ് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് നീലച്ചിത്രം കണ്ടുവെന്ന പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രിയെ പുറത്താക്കി. തെരേസ മേ സര്‍ക്കാറിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് പുറത്താക്കിയത്. പത്തു വര്‍ഷം മുമ്പു നടന്ന സംഭവമാണ് ഇപ്പോള്‍ വിവാദമായത്. ഗ്രീനിന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്ന് നീലചിത്രങ്ങളും അശ്ലീല ഫോട്ടോകളും കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ മേ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണ് ഗ്രീന്‍. മൂന്നാമത്ത് മന്ത്രിക്കു കൂടി രാജിവെക്കേണ്ടി വന്നതോടെ തരേസ മേ സര്‍ക്കാറിന്റെ പ്രതിച്ഛായക്കു മങ്ങലേറ്റിരിക്കുകയാണ്.
നേരത്തെ ലൈംഗികാരോപണത്തെത്തുടര്‍ന്ന് മന്ത്രിസഭയിലെ മൂന്നാമനും പ്രതിരോധമന്ത്രിയുമായ മൈക്കിള്‍ ഫാലന്‍ രാജിവെച്ചിരുന്നു. കൂടാതെ ബ്രിട്ടന്റെ അനുമതിയില്ലാതെ ഇസ്രാഈല്‍ നേതാക്കളുമായി നയതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്തിയതിന് പ്രീതി പട്ടേലും രാജി പ്രഖ്യാപിച്ചിരുന്നു.