X

ബുലന്ദ്ശഹര്‍ കലാപം: സൈനികന്‍ പിടിയില്‍

ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്‍ യു.പി പൊലീസിന് കൈമാറും.

സംഘര്‍ഷത്തിന് ശേഷം ബുലന്ദ്ശഹറില്‍ നിന്ന് കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രദേശവാസികളുടെ മൊഴിയില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു.

സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങളില്‍ മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ജിതേന്ദ്ര മാലികിന്റെ മാതാവ് രതന്‍ കൗര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ മകന്‍ പ്രതിയാണെന്ന് തെളിഞ്ഞാല്‍ സ്വന്തം കൈകൊണ്ട് മകനെ വെടിവെച്ച് കൊല്ലുമെന്ന് അവര്‍ പ്രതികരിച്ചിരുന്നു.

അതേസമയം സുബോധ്കുമാര്‍ സിങ്ങിന്റെയും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സുമിത് എന്ന യുവാവിനും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

chandrika: