india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

By webdesk17

June 13, 2025

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.