മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 മരണം. ബാംഗ്ലൂരില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയിലാണ് സഞ്ചരിച്ചുകൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 35 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. ബസ് പൂര്‍ണമായും കനാലില്‍ മുങ്ങിയ നിലയിലാണ്. വെള്ളത്തിലേക്ക് മറിഞ്ഞയുടന്‍ ബസിന്റെ വാതില്‍ അടയുകയായിരുന്നു. ഇത് തുറക്കാന്‍ സാധിക്കാത്തത് മരണസംഖ്യ ഉയരാന്‍ കാരണമായി. സംഭവ സ്ഥലത്തിന് സമീപമുള്ള കൃഷിയിടത്തിലെ കര്‍ഷകര്‍ ചേര്‍ന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കുറച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി.

കയറുകെട്ടി ബസ് കരയിലേക്ക് വലിച്ചു കയറ്റുവാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംഭവ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ബന്ധപ്പെട്ട മന്ത്രിക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നിര്‍ദേശം നല്‍കിയിട്ടുണ്ട്.