പേരാമ്പ്ര: പശു ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്‍കി. പാലേരി തരിപ്പിലോട് ടി.പി പ്രേമജന്റെ വീട്ടിലാണ് പശുവിന്റെ ഈ അപൂര്‍വ്വ പ്രസവം നടന്നത്. രണ്ടാം പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായുമടങ്ങിയ കിടാവ് പിറവിയെടുത്തത്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നിന്റേത് മാത്രമേയുള്ളൂ. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയാണ് കുട്ടിയെ പുറത്തെടുത്തത്.

തലയുയര്‍ത്തി എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കിടാവ്. കോരിക്കൊടുക്കുന്ന പാല്‍ രണ്ട് വായിലൂടെയും കുടിക്കുന്നുണ്ട്. സങ്കരയിനത്തില്‍ പെട്ടതാണ് പശുവും കിടാവും. സ്വകാര്യ ബീജസങ്കലന കേന്ദ്രത്തില്‍ നിന്നാണ് പശുവിന് കുത്തിവെപ്പ് നടത്തിയത്. ചങ്ങരോത്ത് മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. എസ്.ആര്‍ അശ്വതി സ്ഥലത്തെത്തി പശുവിനേയും കുട്ടിയേയും പരിശോധിച്ചു.