താമരശ്ശേരി: വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് നിന്ന് അടിവാരം വരേയും വയനാട്ടില്‍ നിന്നും ചിപ്പിലിത്തോട് വരെയും സര്‍വീസ് നടത്തും. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു

അതിനിടെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ലാന്റ് സകാനര്‍ എത്തിച്ച് ദുരന്ത പ്രദേശത്ത് പരിശോധന ആരംഭിച്ചു. കട്ടിപ്പാറ ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ക്യാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കട്ടിപ്പാറയില്‍ ദുരന്തപ്രദേശമായ കരിഞ്ചോല മല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തെ കുറിച്ചുള്ള പൂര്‍ണമായ കണക്കുകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിര്‍മാണം ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.