Connect with us

Health

മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും

ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല.

Published

on

ഡോ. സുരേഷ് കുമാര്‍ ഇ കെ, പീഡിയാട്രിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച് ഒഡി ആസ്റ്റര്‍ മിംസ് ,കോഴിക്കോട്

ഗര്‍ഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘര്‍ഷങ്ങളുടെ ദിനങ്ങള്‍ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങള്‍. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോര്‍മോണ്‍ വൃതിയാനങ്ങള്‍, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍, അങ്ങനെ എന്തെല്ലാം! അതിനെല്ലാം പ്രകൃതി തന്നെ ഒരുക്കിവെച്ചിരിക്കുന്ന ഒരു മറുമരുന്നാണ് മുലയൂട്ടല്‍. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്ന്. ഒരു ഗര്‍ഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും മുലയൂട്ടലിന് കഴിയും.

ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാല്‍ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വര്‍ഷവും എട്ട് ലക്ഷത്തിലധികം കുട്ടികള്‍ മരിക്കുന്നു. ആവശ്യത്തിന് മുലപ്പാല്‍ കിട്ടാത്തത് കാരണം ഒരുപാട് കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നനങ്ങള്‍ പേറുകയും ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെത്തിക്കാനാണ് എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യത്തെ ഏഴ് ദിവസങ്ങള്‍ ലോകാരോഗ്യ സംഘടനാ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ ഗുണങ്ങളെ കുറിച്ച് ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കണം. അതിന് അവര്‍ക്കാവശ്യമായ സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം. ഇതാണ് 2022 ലെ മുലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം.

മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മുലപ്പാല്‍

മുലപ്പാലിനായി കുഞ്ഞ് മുലകളില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാന്‍ അമ്മയുടെ തലച്ചോര്‍ ശരീരത്തിന് നിര്‍ദേശം നല്‍കുന്നു. ആ ഹോര്‍മോണുകളാണ് പ്രോലാക്ടിനും ഓക്സിടോസിനും. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണാണ് പാല്‍ ഉത്പാദിപ്പിക്കാനുള്ള ഉത്തേജനം നല്‍കുന്നത്. അമ്മയുടെ നെഞ്ചിലെ പേശികളെ സാന്ദ്രമാക്കി, കുഞ്ഞിന്റെ ചുണ്ടുകളിലേക്ക് മുലപ്പാല്‍ എത്തിക്കുന്നത് ഓക്സിടോസിന്‍ ആണ്.

മുലപ്പാല്‍ ഉല്പാദിപ്പിക്കുന്നതിനൊപ്പം, വേദന, ടെന്‍ഷന്‍, സ്‌ട്രെസ്, ആശങ്കകള്‍ എന്നിവ കുറയ്ക്കാനും ഈ രണ്ട് ഹോര്‍മോണുകള്‍ക്കും കഴിയും. പ്രസവശേഷം കുഞ്ഞിനെ കാണുമ്പോഴും മുലകൊടുക്കുമ്പോഴും എല്ലാ വേദനയും മറന്ന് അമ്മമാരില്‍ സന്തോഷമുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് ഈ രഹോര്‍മോണുകള്‍ കാരണമാണ്. പിന്നീടങ്ങോട്ട് കുഞ്ഞിന്റെ ശബ്ദമോ കരച്ചിലോ കേള്‍ക്കുമ്പോള്‍ തന്നെ ഈ ഹോര്‍മോണുകള്‍ അവരുടെ ജോലി തുടങ്ങുകയും അമ്മയെ എല്ലാ വിഷാദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. സാധാരണ വിഷാദം പോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് രാത്രിയില്‍ ആണല്ലോ. പ്രസവശേഷം രാത്രി കാലങ്ങളില്‍ ഈ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുതലാണ്. അതുകൊണ്ട് മുലപ്പാലിന്റെ അളവും കൂടും. മുലയൂട്ടാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ഇത്തരം അനുഗ്രഹങ്ങള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്.

വേറെയുമുണ്ട് മുലയൂട്ടലിന് ഗുണങ്ങള്‍. പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങുന്നതിനും രക്തംപോക്ക് പെട്ടെന്ന് നില്‍ക്കാനും മുലയൂട്ടല്‍ സഹായിക്കും. അണ്ഡോല്പാദനം വേഗത്തിലാക്കുകയും അടുത്ത ആര്‍ത്തവം പരമാവധി നേരത്തേയാക്കുകയും ചെയ്യും. സ്തനങ്ങളിലും അണ്ഡാശയത്തിലും ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.

മുലപ്പാല്‍ എന്ന ജീവാമൃതം

പ്രസവം കഴിഞ്ഞയുടനെ ഉണ്ടാകുന്ന മുലപ്പാല്‍ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരു ഔണ്‍സില്‍ താഴെ മാത്രമേ കൊളസ്ട്രം അമ്മയുടെ ശരീരത്തില്‍ ഒരു സമയം ഉണ്ടാവൂ. പക്ഷെ കുഞ്ഞിന്റെ വയര്‍ നിറയ്ക്കാന്‍ അത് ധാരാളമാണ്. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന് പുറമെ രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിന്‍സം കൊളസ്ട്രത്തില്‍ സമൃദ്ധമാണ്. ഈ പാല്‍ പ്രസവം കഴിഞ്ഞ് ആദ്യത്തെ 2 മുതല്‍ 5 ദിവസം വരെയാണ് ഉണ്ടാകാറ്.

രണ്ട് ഭാഗങ്ങളായാണ് മുലപ്പാല്‍ വരുന്നത്. ആദ്യം വരുന്ന പാലില്‍ വെള്ളം കൂടുതലായിരിക്കും. പിന്നീട് വരുന്ന പാലിലാണ് പോഷകങ്ങള്‍ കൂടുതല്‍. അതുകൊണ്ട് കൂടുതല്‍ നേരം പാല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയാല്‍ ചെവിയില്‍ മൃദുവായി പിടിച്ചോ കാല്പാദത്തിനടിയില്‍ ഉരസിയോ കുഞ്ഞിനെ ഉണര്‍ത്താം. അമ്മമാര്‍ ബദാമും നട്‌സും പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുന്നത് മുലപ്പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

വയറു നിറയെ പാല്‍ കുടിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഛര്‍ദിക്കുന്നത് സ്വാഭാവികമാണ്. ആദ്യത്തെ ആറ് മാസം വരെ കുഞ്ഞുങ്ങളിലെ ”തേട്ടല്‍” സാധാരണമാണ്. പാല്‍ കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വയറിലെ ഗ്യാസ് പുറത്തേക്ക് കളയാന്‍ പിറകില്‍ പതിയ തട്ടിക്കൊടുക്കാം.

മുലയൂട്ടല്‍ എത്ര നാള്‍?

ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം കുടിച്ച് വളരുന്ന കുഞ്ഞുങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും, അനുബാധയും കുറവായിരിക്കും. വളരുമ്പോള്‍ പ്രമേഹവും ഉദരസംബന്ധമായ രോഗങ്ങളും കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ സമയം വേറെ ആഹാരങ്ങള്‍ നല്‍കിയാല്‍ അത് ദഹിപ്പിക്കാനാകാതെ കുഞ്ഞ് വിഷമിക്കും. വയറിന് അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.

പശുവിന്‍ പാലും ആട്ടിന്‍പാലും കുഞ്ഞിന് നല്ലതല്ല. പശുവിന്‍ പാല്‍ പശുക്കിടാവിനുള്ളതാണ്. പശുക്കള്‍ക്ക് ജീവിക്കാന്‍ ആവശ്യം മസിലുകള്‍ ആയതുകൊണ്ട് പശുവിന്‍പാലില്‍ പ്രോട്ടീന്‍ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങള്‍ അമ്മയുടെ മുലപ്പാലില്‍ മാത്രമേയുള്ളു.

ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പാലാണ് അവരുടെ അമ്മമാര്‍ ഉല്പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാല്‍, മാസം തികഞ്ഞ് പ്രസവിക്കുന്ന അമ്മമാരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ പാല്‍ നിങ്ങള്‍ക്ക് മാത്രമേ ഉല്പാദിപ്പിക്കാന്‍ കഴിയൂ.

എപ്പോഴും കുഞ്ഞിന് നേരിട്ട് പാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജില്‍ 24 മണിക്കൂര്‍ വരെയും പുറത്ത് 4 മണിക്കൂര്‍ വരെയും മുലപ്പാല്‍ കേടാകാതെ ഇരിക്കും.

ആറ് മാസം മുതല്‍ രണ്ട് വയസ്സുവരെയുള്ള സമയത്ത് മറ്റ് ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും കൊടുക്കണം.

മുലയൂട്ടുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

ചില അമ്മമാര്‍ക്ക് മുലകളില്‍ കടുത്ത വേദന ഉണ്ടാകാറുണ്ട്. അതിനു കാരണം കുഞ്ഞിന് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പാല്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ്. അധികമായി ഉണ്ടാകുന്ന പാല്‍ കെട്ടിക്കിടക്കും. ഒരു കാരണവശാലും ഈ സമയത്ത് മുലയൂട്ടല്‍ നിര്‍ത്തരുത്. മുല കുടിച്ചു തുടങ്ങുന്ന സമയത്ത് ഏറെ ശക്തിയോടെയാണ് കുഞ്ഞ് പാല്‍ വലിച്ചെടുക്കുന്നത്. ഇത് മാറിടത്തിലെ വേദന കുറയാന്‍ സഹായിക്കും. രണ്ട് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കാം. മാറിടം മസാജ് ചെയ്യുന്നതും ചൂടുപിടിക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. വേദന കൂടി പനിയോ നീര്‍ക്കെട്ടോ ഉണ്ടായാല്‍ ഡോക്ടറെ കാണണം.

മുലയൂട്ടുമ്പോള്‍ ചിലരുടെ മുലക്കണ്ണില്‍ മുറിവുകള്‍ ഉണ്ടാകാറുണ്ട്. ഇത് മുലയൂട്ടുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. മുലക്കണ്ണ് പൂര്‍ണമായും കുഞ്ഞിന്റെ വായക്കുള്ളില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മുറിവുണ്ടാകും. ഈ മുറിവ് കുഞ്ഞിന്റെ വായക്കുള്ളില്‍ ഫങ്കസ് ബാധയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ ഡോക്ടറെ കാണിക്കണം. മുലക്കണ്ണിലെ മുറിവ് മാറ്റാന്‍ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.

മുലയൂട്ടാന്‍ നേരത്തെ തയാറെടുക്കാം

ആദ്യമായി പ്രസവിക്കാന്‍ ഒരുങ്ങുന്ന അമ്മമാര്‍ക്ക് മാനസികമായ പിന്തുണ അത്യാവശ്യമാണ്. മുലയൂട്ടുന്നതിന്റെ ശരിയായ രീതിയും അതിന്റെ ഗുണങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. പ്രസവിച്ചയുടനെ മുലയൂട്ടല്‍ തുടങ്ങാനും തയാറെടുപ്പുകള്‍ ആവശ്യമാണ്. അതിന് പരിശീലനം കിട്ടിയിട്ടുള്ള നേഴ്സുമാരുടെ സഹായം തേടാം. വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാലും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണം.

തയ്യാറാക്കിയത് :

ഡോ. സുരേഷ് കുമാര്‍ ഇ കെ, പീഡിയാട്രിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച് ഒഡി ആസ്റ്റര്‍ മിംസ് ,കോഴിക്കോട്

 

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending