ന്യൂഡല്‍ഹി: കര്‍ഷക സമരം ആളിക്കത്തുന്നതിനിടെ വികസനത്തിനായി പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗ്ര മെട്രോ റെയില്‍ പദ്ധതിയുടെ വിര്‍ച്വല്‍ ഉദ്ഘാടനത്തിനിടെയാണ് മോദിയുടെ പ്രതികരണം.

‘വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. പുതിയ ക്രമങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായി പരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങളുമായി നമുക്ക് പുതിയ നൂറ്റാണ്ടിനെ നിര്‍മിക്കാനാകില്ല. ചില നിയമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരിക്കാം. എന്നാല്‍ അതിപ്പോള്‍ ഭാരമായി മാറും. പരിഷ്‌കരണങ്ങള്‍ ഒരു തുടര്‍ പ്രക്രിയയാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷക സമരം അടക്കമുള്ള ഒന്നിനെയും പേരെടുത്തു പറയാതെ ആയിരുന്നു മോദിയുടെ പ്രസംഗം.

പാര്‍ലമെന്റ് ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദ് നാളെയാണ് നടക്കുന്നത്. ബന്ദിന് പ്രതിപക്ഷ കക്ഷികളുടെയും നിരവധി സംഘടനകളുടെയും പിന്തുണയുണ്ട്.