ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിനു ശേഷം വാഹനം വാങ്ങിയവരും ഇനി കുടുങ്ങും. കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവരെ വെളിച്ചത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് വാഹനം വാങ്ങിയവര്‍ക്കു നേരെ അന്വേഷണം തിരിയുന്നത്. ഇതിനായി നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി. കാര്‍ വിപണിയില്‍ വിറ്റുവരവ് വര്‍ധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നവംബര്‍ മാസത്തില്‍ പതിവില്‍ കൂടുതല്‍ നിക്ഷേപങ്ങളും കാര്‍ വിറ്റുവരവുമുള്ള കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം ആദായ നികുതി വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ആഢംബര കാറുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ കാര്‍ വില്‍പനയും അന്വേഷണ പരിധിയിലുള്‍പ്പെടും.