വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ഇനി ആദ്യം അമേരിക്ക എന്നതാണ് പുതിയ നയം. ‘അമേരിക്കക്കാര്‍ മാത്രം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, അമേരിക്കയിലെ ജോലി ഇനി മുതല്‍ അമേരിക്കക്കാര്‍ക്ക് മാത്രം’, സത്യപ്രതിജ്ഞക്ക് തൊട്ടു പിന്നാലെ നടത്തിയ നയപ്രഖ്യാനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാരവും നികുതിയും കുടിയേറ്റ നയങ്ങളുമെല്ലാം അമേരിക്കന്‍ ജനതക്ക് അനുകൂലമാകണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
ശതകോടി ഡോളറുകള്‍ വിദേശരാജ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും അമേരിക്കക്കാര്‍ അവരുടെ പണം കൊണ്ട് മറ്റു രാജ്യങ്ങളെ സമ്പന്നരാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിലൂടെ അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ജീര്‍ണിച്ചുവെന്നും ഇടത്തരക്കാരുടെ സമ്പാദ്യം ലോകത്തിനു കൈമാറിയപ്പോള്‍ അമേരിക്കയുടെ കരുത്ത് നഷ്ടമായതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഏറ്റവും വെല്ലുവിളിയായിരിക്കുന്നത് ഇന്ത്യ ഉള്‍പ്പെട്ടെ വികസ്വര രാജ്യങ്ങള്‍ക്കാണ്. അമേരിക്കയിലെ ഐടി മേഖലയില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണുള്ളത്. സ്വദേശിവല്‍ക്കരണം വരുന്നതോടെ ഇവരുടെ ജോലി നഷ്ടമായേക്കുമെന്നാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.
Be the first to write a comment.